• ഉത്തരാഖണ്ഡിലെ ചമോലിയിലുള്ള ടിഎച്ച്ഡിസി പദ്ധതിയുടെ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിലുണ്ടായ കനത്ത മണ്ണിടിച്ചിലിൽ ഏഴ് തൊഴിലാളികൾ മരിച്ചു.

ഉത്തരാഖണ്ഡിലെ ചമോലി തുരങ്കത്തിലെ മണ്ണിടിച്ചിലില്‍ ഏഴ് തൊഴിലാളികൾ മരിച്ചു. 11 പേര്‍ക്ക് പരുക്ക്. 22 പേരെ രക്ഷപ്പെടുത്തി. ടിഎച്ച്ഡിസി പദ്ധതിയുടെ പിപ്പൽകോട്ടിയിലുള്ള നിര്‍മാണ മേഖലയിസാണ് അപകടമുണ്ടായത്. വൈകുന്നേരം 6.30 ഓടെയാണ് തുരങ്കത്തില്‍ മണ്ണിടിഞ്ഞത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അറിയിച്ചു. രക്ഷാപ്രവർത്തനത്തിനിടെ ആറുപേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്.

തുരങ്കത്തിനുള്ളില്‍ നിന്നുള്ള ശക്തമായ മണ്ണിടിച്ചിലില്‍ ഉള്ളില്‍ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളിൽ പലരും തുരങ്ക കവാടത്തിലേക്ക് ഒലിച്ചെത്തുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. അപകടമുണ്ടായതിന് പിന്നാലെ ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളും ജില്ലാ ഭരണകൂടവും പൊലീസും യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

അതേസമയം, മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തുന്നുണ്ട്. പരിക്കേറ്റ തൊഴിലാളികളുമായി സംസാരിച്ചതായും, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക് ആവശ്യമായ എല്ലാ ചികിത്സാ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. 

ENGLISH SUMMARY:

A tragic tunnel collapse in Chamoli, Uttarakhand, has resulted in the deaths of seven workers while injuring eleven others. The incident occurred around 6:30 PM at a THDC construction site in Pipalkoti following days of incessant heavy rainfall in the region. Joint rescue operations by national and state disaster response forces successfully rescued twenty-two individuals from the debris. Authorities are actively searching for six additional workers who remain unaccounted for following the disaster.