loui

TOPICS COVERED

ഹൃദയം തൊടുന്ന ഒട്ടേറെ ഗാനങ്ങൾ രചിച്ച വൈദികൻ ഫാ. ലൂയി മരിയാദാസ് ഇനി അഭിഭാഷക വേഷത്തിൽ. കണ്ണൂർ സർവ്വകലാശാലയിൽ നിന്ന് ഫസ്റ്റ് ക്ലാസോടുകൂടിയാണ് അദ്ദേഹം ത്രിവത്സര എൽ.എൽ.ബി പരീക്ഷ വിജയിച്ചത്. പ്രശസ്തമായ ഒട്ടേറെ ക്രിസ്തീയ ഭക്തിഗാനങ്ങൾക്ക് ഫാ. ലൂയി മരിയാദാസ് രചനയും സംഗീതവും നിർവഹിച്ചിട്ടുണ്ട്.

പി. ജയചന്ദ്രൻ, എം.ജി ശ്രീകുമാർ, ജാസി ഗിഫ്റ്റ്, ജി.വേണുഗോപാൽ തുടങ്ങി ഒട്ടേറെ പിന്നണിഗായകർ ഫാദർ ലൂയി മരിയദാസിന്റെ സംഗീതത്തിന് ശബ്ദം നൽകിയവരാണ്. തലശ്ശേരി രൂപതയ്ക്ക് കീഴിൽ വൈദികനായി പ്രവർത്തിക്കുമ്പോഴും സംഗീതം നെഞ്ചോട് ചേർത്തു. 

ഇതിനിടയിലാണ് സമൂഹത്തിൽ നീതി നിഷേധിക്കപ്പെട്ടവർക്കായി ശബ്ദിക്കാൻ അഭിഭാഷകനാവണമെന്ന ആഗ്രഹം ഉടലെടുത്തത്. കണ്ണൂർ സർവ്വകലാശാലയുടെ മഞ്ചേശ്വരം ക്യാമ്പസിൽ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ അഡ്മിഷൻ ലഭിച്ചതോടെ തയ്യാറെടുപ്പുകൾ തുടങ്ങി. തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ അനുഗ്രഹം വാങ്ങി മഞ്ചേശ്വരത്തേക്ക്. ഒടുവിൽ ത്രിവത്സര എൽ എൽ ബി പരീക്ഷയിൽ ഒന്നാം ക്ലാസോടെ വിജയം. കണ്ണൂർ ജില്ലയിലെ ഉളിക്കൽ സ്വദേശിയായ ഫാദർ ലൂയി മരിയാദാസ് തലശ്ശേരി അതിരൂപതയിലെ ഹൊസങ്കടി ഇടവകയിലെ വികാരിയാണ്.

ENGLISH SUMMARY:

Father Louis Mariadas, a priest renowned for composing many heartfelt songs, is now embarking on a new path as an advocate. He successfully completed his three-year LLB examination with first class from Kannur University, demonstrating his dedication to serving justice.