കൂത്തുപറമ്പ് നിയമസഭാ സീറ്റിലെ സ്ഥാനാര്‍ഥിത്വത്തില്‍ ആര്‍.ജെ.ഡിക്കുള്ളില്‍ ഭിന്നത രൂക്ഷം. സിറ്റിങ് എംഎല്‍എ കെ.പി മോഹനന് ഇനി അവസരം നല്‍കരുതെന്നാണ് ഒരു വിഭാഗത്തിന്‍റെ അഭിപ്രായം. എന്നാല്‍ നാലാം തവണയും മല്‍സരിക്കാനുള്ള ഒരുക്കത്തിലാണ് കെ.പി.മോഹനന്‍. കൂത്തുപറമ്പ് സീറ്റ് സിപിഎമ്മിന് വേണമെന്നാണ് പ്രാദേശിക വികാരം.

2011 മുതല്‍ കെ.പി മോഹനന്‍ കൂത്തുപറമ്പില്‍ സ്ഥാനാര്‍ഥിയാണ്. യുഡിഎഫിനൊപ്പമായിന്നപ്പോള്‍ അന്ന് എംഎല്‍എ ആയി. 2016 ല്‍ തോറ്റു. 2021ല്‍ എല്‍ഡിഎഫിനൊപ്പമെത്തിയപ്പോള്‍ വീണ്ടും ജയിച്ചു. ഇക്കുറിയും വിജയിക്കുമെന്ന പ്രതീക്ഷയിലാണ് കെ.പി മോഹനന്‍. മല്‍സരിക്കാന്‍ മനക്കോട്ട കെട്ടി കാത്തിരിക്കുകയാണ്. എന്നാല്‍, പരിഗണിക്കപ്പെടേണ്ടവര്‍ മണ്ഡലത്തില്‍ വേറെയില്ലെന്നും എല്ലാം പാര്‍ട്ടി തീരുമാനിക്കുമെന്നും മോഹനന്‍ മനോരമ ന്യൂസിനോട്.

ഇത്തവണ മറ്റുള്ളവര്‍ക്ക് അവസരം വേണമെന്നാണ് ആര്‍ജെഡിയില്‍ ഒരുപക്ഷത്തിന്‍റെ അഭിപ്രായം. അങ്ങനെയെങ്കില്‍ കെ.പി മോഹനന്‍റെ ബന്ധുവും ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പി.കെ പ്രവീണിനെ പരിഗണിച്ചേക്കും. പ്രവീണിന് ശ്രേയാംസ് കുമാറുമായും അടുത്ത ബന്ധമുള്ളത് ഗുണം ചെയ്യാനിടയുണ്ട്. കെ.പി പ്രശാന്തന്‍, രവീന്ദ്രന്‍ കുന്നോത്ത് എന്നീ പേരുകളും പരിഗണനയിലുണ്ട്. അതിനിടെയാണ് വൈകാരിക അടുപ്പമുള്ള കൂത്തുപറമ്പ് സീറ്റ് തിരിച്ചുവേണമെന്ന സിപിഎമ്മിലെ ഒരുവിഭാഗത്തിന്‍റെ ആവശ്യം. ഇങ്ങനൊരു പ്രാദേശിക വികാരമില്ലെന്നാണ് കെ.പി മോഹനന്‍ പറയുന്നത്. ഇത്തരം ആവശ്യം സ്വാഭാവികമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം എം.വി ജയരാജന്‍റെ മറുപടി

അതേസമയം, യുഡിഎഫില്‍ കഴിഞ്ഞതവണ മല്‍സരിച്ച ലീഗ് നേതാവ് പൊട്ടന്‍കണ്ടി അബ്ദുള്ള ഇത്തവണ മല്‍സരിച്ചേക്കില്ല. നിലവില്‍ ജില്ലാ പഞ്ചായത്തംഗമായ സി.കെ മുഹമ്മദലിയ്ക്ക് സാധ്യതയുണ്ട്. 

ENGLISH SUMMARY:

Internal conflicts have intensified within the RJD over the candidacy for the Kuthuparamba Assembly seat. While sitting MLA K.P. Mohanan is preparing for his fourth contest, a section of the party opposes his candidacy, suggesting names like P.K. Praveen instead. Adding to the complexity, there is a strong sentiment within the local CPI(M) to reclaim the seat for themselves. Meanwhile, in the UDF camp, the Muslim League is considering new faces like C.K. Muhammad Ali, as previous candidate Pottankandi Abdulla is unlikely to contest.