കണ്ണൂര്‍ ചെറുപുഴ കുണിയന്‍കല്ലിലെ പന്നിഫാമിനെതിരെ നാട്ടുകാര്‍ രംഗത്ത്. വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന ഫാം കാരണം നാട്ടുകാര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടി എഡിഎമ്മിന് പരാതി നല്‍കി. ഫാമിനെതിരെ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം.
16 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പന്നി ഫാമില്‍ നിന്ന് ഒഴുക്കിവിടുന്ന മാലിന്യവും, ദുര്‍ഗന്ധവും കാരണം പൊറുതിമുട്ടിയിരിക്കുകയാണ് ചെറുപുഴ താബോര്‍ കുണിയന്‍കല്ലിലെ നാട്ടുകാര്‍. മാലിന്യത്തില്‍ നിന്ന് ഈച്ചയും കൊതുകും പെരുകി അസുഖങ്ങള്‍ക്ക് കാരണമാകുന്നുവെന്നാണ് ആക്ഷേപം. ജീവിക്കാന്‍ പറ്റാതായെന്ന് നാട്ടുകാര്‍
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ നിര്‍ദേശങ്ങളൊന്നും ഫാം ഉടമ അനുസരിക്കുന്നില്ലെന്നും ആരോപണമുണ്ട്. നേരത്തെ കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും ഇതുകാരണം ഫാം ഉടമ നിയമംകാറ്റില്‍ പറത്തി പ്രവര്‍ത്തനം തുടരുകയാണെന്നുമാണ് പ്രദേശവാസികളുടെ പുതിയ പരാതി. തീര്‍പ്പുണ്ടായില്ലെങ്കില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്