കൂത്തുപറമ്പ് എംഎല്‍എ കെ.പി മോഹനനെ കയ്യേറ്റം ചെയ്യാനിടയായ ഡയലാസിസ് സെന്‍റര്‍ യൂണിറ്റ് അടച്ചുപൂട്ടരുതെന്ന ആവശ്യവുമായി രോഗികള്‍. ലൈസന്‍സ് പുതുക്കി കിട്ടാത്തതിനെ തുടര്‍ന്ന് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സ്ഥാപനം പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജീവന്‍ അപകടത്തിലാകുമെന്നും ദൂരസ്ഥലങ്ങളിലേക്ക് പോയി ഡയാലിസിസ് ചെയ്യാനുള്ള ചിലവ് താങ്ങാനാകില്ലെന്നുമാണ് രോഗികള്‍ പറയുന്നത്. സംഭവത്തില്‍ നിയമപ്രകാരമുള്ള നടപടികളാണ് സ്വീകരിച്ചതെന്നാണ് പാനൂര്‍ നഗരസഭയുടെ വിശദീകരണം.
കെ.പി മോഹനനെ ഡയാലിസിസ് സെന്‍ററിനെതിരായ സമരസമിതി പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തതിലൂടെയായിരുന്നു പ്രാദേശിക വിഷയം പുറത്തേക്കെത്തിയത്. പാനൂര്‍ കരിയാട് തണല്‍ അഭയ ഡയാലിസ് സെന്‍റര്‍ ഉണ്ടാക്കുന്ന കുടിവെള്ള മലിനീകരമായിരുന്നു കാരണം. ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കിയ ഡയാലിസിസ് സെന്‍ററിന് മലിനീകരണ പ്രശ്നം കാരണം ഡിഎംഓയുടെ എന്‍ഓസി ലഭിക്കാത്തതാണ് തിരിച്ചടിയായത്. എന്‍ഓസി ഇല്ലാതെ മുനിസിപ്പാലിറ്റി ചട്ടപ്രകാരം ലൈസന്‍സ് പുതുക്കി നല്‍കാനാവില്ലെന്നാണ് നഗരസഭയുടെ മറുപടി.
സ്ഥാപനം അടച്ചുപൂട്ടിയാല്‍ പെരുവഴിയിലാവുന്നത് 22 വൃക്ക രോഗികളാണ്. മൂന്ന് ദിവസം കൂടുമ്പോള്‍ ഡയലാസിസ് ചെയ്തില്ലെങ്കില്‍ മരണം മുന്നില്‍ കാണേണ്ടിവരുന്ന രോഗികള്‍ ദൂരെ വടകരയിലേക്ക് പോകേണ്ട സ്ഥിതിയെത്തും. സൗജന്യ ഡയാലിസിസ് കിട്ടിക്കൊണ്ടിരുന്ന സ്ഥാനത്ത് പണച്ചിലവേറും.
മലിനീകരണ പ്രശ്നത്തിന് ഉചിതമായ പരിഹാരം കണ്ടെത്തി സ്ഥാപനം പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നാണ് നഗരസഭയുടെ മറുപടി. മലിനീകരണ പ്രശ്നം പരിഹരിച്ചിട്ടുണ്ടെന്നാണ് ഡയാലിസിസ് സെന്‍റര്‍ ഉടമകളും പറയുന്നത്. എന്നാല്‍, പ്രദേശത്തെ കിണര്‍ വെള്ളം ഉള്‍പ്പെടെ രക്തംകലങ്ങി മലിനമായെന്ന കാരണം ചൂണ്ടിക്കാട്ടി രോഗികളുടെ ജീവനൊപ്പം നാട്ടുകാരുടെ ആരോഗ്യപ്രശ്നവും പരിഗണിച്ച് പ്രശ്നം പരിഹരിക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം.