കണ്ണൂരിൽ വന്യമൃഗശല്യത്തിൽ പൊറുതിമുട്ടി രാവും പകലും ഏറുമാടത്തിൽ കാവലിരിക്കുകയാണ് ആലക്കോട്ടെ കർഷകർ. കാട്ടുപന്നി ശല്യം രൂക്ഷമായതോടെയാണ് രാവന്തിയോളം ഉള്ള അധ്വാനത്തിനു പുറമേ കാവലിരിക്കേണ്ട ഗതികേടിൽ കർഷകരെത്തിയത്. പൊറുതിമുട്ടിയതോടെ പ്രദേശത്തെ ഭൂരിഭാഗം കർഷകരും കൃഷി അവസാനിപ്പിക്കുകയാണ്.
കൃഷി ഉപജീവനം ആക്കിയവരാണ് ചപ്പാരപ്പടവ് പഞ്ചായത്തിലെ മണാട്ടിയിലുള്ള ഭൂരിഭാഗം ആളുകളും. കർഷകൻ ടോമി സെബാസ്റ്റ്യനെ പോലെ വന്യമൃഗ ശല്യത്തിൽ പൊറുതിമുട്ടിയവരാണ് ഇവർ എല്ലാം. രാവന്തിയോളമുള്ള അധ്വാനത്തിനു പുറമേ കൃഷിയിടത്തിൽ ഏറുമാടം കെട്ടി കാവലിരിക്കേണ്ട ഗതികേടിലാണ് ഇവർ. വന്യ മ്യഗശല്യം ചെറുക്കാൻ പഞ്ചായത്തോ വനം വകുപ്പ് നടപടി എടുക്കാതായതോടെയാണ് കൃഷിയിടത്തിലുള്ള ഈ ഏറുമാടം വാസം.
കഴിഞ്ഞ അഞ്ചുവർഷമായി 2 ഏക്കറോളം സ്ഥലത്താണ് ടോമിയുടെ കൃഷി. കാർഷിക വിളകളിൽ പകുതിയും വന്യമൃഗങ്ങൾ നശിപ്പിക്കുന്നതോടെ നഷ്ടങ്ങളുടെ കണക്ക് മാത്രമാണ് കർഷകർക്ക് പറയാനുള്ളത്. ശല്യം രൂക്ഷമായതോടെ പലരും ക്യഷി അവസാനിപ്പിച്ചു. പഞ്ചായത്തും വനം വകുപ്പും അടിയന്തര നടപടിയെടുക്കണമെന്നാണ് കർഷകരുടെ ആവശ്യം.