കണ്ണൂര്‍ പാനൂര്‍ പൂക്കോട് റേഷന്‍ കടയില്‍ കയറി കടിക്കാന്‍ ശ്രമിച്ച തെരുവുനായയെ പ്രാണരക്ഷാര്‍ഥം കീഴ്‍പ്പെടുത്തി ജീവനക്കാരി വിജിന. പുറകില്‍ നിന്ന് കടിയേല്‍ക്കുന്നതിന് തൊട്ടുമുമ്പ് നായയുടെ കഴുത്തില്‍ കയറിപ്പിടിച്ച് ഞെരിക്കുകയായിരുന്നു. രണ്ട് പേരെ കടിച്ച നായയില്‍ നിന്ന് രക്ഷപ്പെടാന്‍ വിജിനയെ തുണച്ചത് മനോധൈര്യമാണ്.
പൂക്കോട് ടൗണില്‍ തെരുവുനായ രണ്ടുപേരെ കടിച്ച വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആശാവര്‍ക്കര്‍ സൗമ്യ, തന്‍റെ പിന്നാലെ നായ ഓടിയെത്തിയപ്പോള്‍ രക്ഷപ്പെടാന്‍ റേഷന്‍കടയിലേക്ക് കയറിയതോടെയാണ് സംഭവം. ഇതിനിടയ്ക്ക് സൗമ്യയുടെ ബന്ധുവിനെ നായ കടിക്കാന്‍ ശ്രമിച്ചത് തടയുമ്പോള്‍ സൗമ്യക്ക് കടിയേറ്റു. പിന്നാലെ കടയ്ക്കുള്ളിലേക്ക് കയറിയ നായ വീണ്ടും കടിയ്ക്കാന്‍ ശ്രമിച്ചു. കടയില്‍ ഇനി നീങ്ങാന്‍ ഒരിഞ്ചു സ്ഥലമില്ലെന്ന സ്ഥിതി. ഇവിടെയാണ് ജീവനക്കാരി വിജിനയുടെ ഇടപെടല്‍. പിന്നിലൂടെ നായയുടെ കഴുത്തില്‍ കയറിപ്പിടിച്ച് ഞെരിച്ചു. പിന്നെ പുറത്തേക്ക് വലിച്ചിട്ടു.
വിജിനയുടെ ഇടപെടലാണ് സൗമ്യയ്ക്ക് വലിയ പരുക്കേല്‍ക്കാതെ രക്ഷപ്പെടാന്‍ കാരണം. അതിന്‍റെ സന്തോഷത്തിലും ആശ്വാസത്തിലുമാണ് എല്ലാവരും. വിജിനയുടെ ധീരതയെ അഭിനന്ദിക്കുകയാണ് നാട്ടുകാര്‍. തെരുവുനായയെ പിന്നീട് ചത്തനിലയില്‍ കണ്ടെത്തി.