കണ്ണൂർ മട്ടന്നൂരിന് സമീപം തോലമ്പ്രയിൽ വളർത്തു നായയെ കൊന്നുതിന്നത് പുലി എന്ന് സ്ഥിരീകരിച്ചു. വനം വകുപ്പിന്റെ നിരീക്ഷണ ക്യാമറയിൽ ദൃശ്യങ്ങൾ പതിയുകയായിരുന്നു. പുലിയെ പിടികൂടാൻ വനാതിർത്തിയിൽ കൂട് സ്ഥാപിച്ചു.
മാലൂർ തോലമ്പ്ര താറ്റിയാട് സ്വദേശി ജോസിന്റെ ജർമ്മൻ ഷെപ്പേഡിനെ കഴിഞ്ഞ ബുധനാഴ്ച വന്യമൃഗം ആക്രമിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. കൂട്ടിൽ നിന്ന് പിടികൂടി കണ്ണവം വനമേഖലയിൽ പെട്ട പുരളിമലയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയായിരുന്നു നായയെ ഭക്ഷിച്ചത്. ഇതോടെ നാട്ടുകാർ ആശങ്കയിലായി.
നിരീക്ഷണ ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടും സാങ്കേതികത പറഞ്ഞ് കൂടു വയ്ക്കാനുള്ള നടപടി വൈകിപ്പിച്ചു എന്നാണ് വിമർശനം. നായയുടെ ജീർണിച്ച ജഡം ഭക്ഷിക്കാൻ പുലി വീണ്ടും എത്താൻ സാധ്യതയുണ്ടെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ശരീര ഭാഗങ്ങൾ കൂട്ടിലാക്കി ഉദ്യോഗസ്ഥരും നാട്ടുകാരും കാത്തിരിക്കുകയാണ്, ഉറക്കം കെടുത്തിയ പുലിയെ കെട്ടുകെട്ടിക്കാൻ . കൂട്ടിൽ അകപ്പെട്ടാൽ ആറളത്തെ ആർ ആർ ടി ആശുപത്രിയിലേക്ക് മാറ്റി ആവശ്യമെങ്കിൽ ചികിത്സ നൽകിയശേഷമാണ് ഉൾക്കാട്ടിൽ പുലിയെ തുറന്നു വിടുക.