തലശേരി രാജ്യാന്തര ചലച്ചിത്രോല്‍സവത്തിന് ഇന്ന് തുടക്കം. 19 വരെ നാല് ദിവസം നടക്കുന്ന സിനിമാ മേളയ്ക്ക് മന്ത്രി പി രാജീവാണ് തിരിതെളിയ്ക്കുക. തിരുവനന്തപുരം IFFKയില്‍ നിന്ന് തിരഞ്ഞെടുത്ത സിനിമകളാണ് തലശേരി ലിബര്‍ട്ടി തിയറ്ററിലെ സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുക.
പ്രാദേശിക ചലച്ചിത്രോല്‍സവങ്ങളില്‍ ഇനി തലശേരിയ്ക്കും പ്രത്യേക പേര്. തലശേരി ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അഥവാ ടിഫ്.. കോവിഡ് സമയത്ത് പ്രാദേശിക ചലച്ചിത്രോല്‍സവം തലശേരിയില്‍ നടത്തിയിരുന്നെങ്കിലും സ്വന്തം പേരില്‍ ഇതാദ്യമായാണ് തലശേരിയ്ക്കൊരു സിനിമാ മേള.. സാംസ്കാരിക വകുപ്പിന്‍റെ പ്രത്യേക താല്‍പര്യപ്രകാരമാണ് തലശേരിയില്‍ ചലച്ചിത്ര മേള നടത്തുന്നതെന്ന് സ്ഥലം എംഎല്‍എ കൂടിയായ സ്പീക്കര്‍ എ എന്‍ ഷംസീര്‍.
ഇതിനകം തന്നെ ആയിരത്തിലധികം ഡെലിഗേറ്റുകള്‍ മേളയ്ക്ക് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. അന്താരാഷ്ട്ര മല്‍സര വിഭാഗത്തില്‍ നിന്ന് 14 ചിത്രങ്ങളും ലോകസിനിമാ വിഭാഗത്തില്‍ നിന്ന് 12ഉം ഫെസ്റ്റിവല്‍ ഫേവറിറ്റ്സില്‍ നിന്ന് അഞ്ചും, 12 മലയാള സിനിമകള്‍ തുടങ്ങിയവയാണ് ടിഫ്ഫില്‍ പ്രദര്‍ശിപ്പിക്കുക. ലിബര്‍ട്ടി തിയറ്ററിലെ മൂന്ന് സ്ക്രീനുകളിലായി അഞ്ച് പ്രദര്‍ശനങ്ങളാണ് ഓരോ ദിവസവും നടത്തുക. മലയാളത്തിന്‍റെ പ്രിയ കഥാകൃത്ത് എംടിവാസുദേവന്‍ നായര്‍ക്ക് ആദരമര്‍പ്പിച്ചുള്ള ഫോട്ടോ പ്രദര്‍ശനവും മേളയിലുണ്ട്.