traffic-violations-in-kerala

കേരളത്തില്‍ പ്രതിദിനം 27,000 ട്രാഫിക് നിയമ ലംഘനങ്ങള്‍, ഒരു വര്‍ഷത്തെ കണക്കെടുത്താല്‍ ഇത് ഒരു കോടി കവിയുമെന്ന് കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍റ് ഹൈവേ മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട്. പൊലീസും എംവിഡിയും ചേര്‍ന്ന് മോട്ടോര്‍ വാഹന നിയമപ്രകാരം 2025 ല്‍ മാത്രം 1,00,53,983 ചലാനുകള്‍ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗതാഗത നിയമലംഘനങ്ങളില്‍ ഉത്തര്‍പ്രദേശാണ് രാജ്യത്ത് ഒന്നാമത്. മൂന്ന് വര്‍ഷത്തിനിടെ (2023–2025) 4,91,45,682 ചലാനുകളാണ് ഉത്തര്‍പ്രദേശില്‍ നല്‍കിയത്. കേരളത്തില്‍ ഈ കാലയളവില്‍ ഇത് 3.25 കോടിയായിരുന്നു. 

ഗതാഗത നിയമ ലംഘനങ്ങളുടെ കണക്കില്‍ കേരളം രണ്ടാമതാണെങ്കില്‍ തൊട്ടുപിന്നില്‍ തമിഴ്നാടുമുണ്ട്. മൂന്ന് വര്‍ഷത്തിനിടെ 3,12,34,713 ചലാനുകളാണ് തമിഴ്നാട്ടില്‍ നല്‍കിയതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ട്രാഫിക് നിയമലംഘനങ്ങളില്‍ നേരിയ കുറവുണ്ടായെന്നാണ് റിപ്പോര്‍ട്ട് പരിശോധിക്കുമ്പോള്‍ മനസിലാകുന്നത്. 1,11,33,412 കേസുകളാണ് 2023 ല്‍ റജിസ്റ്റര്‍ ചെയ്തതെങ്കില്‍ 224 ആയപ്പോള്‍ ഇത് 1,13,80,834 കേസുകളായി. ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതാണ് ഈ വര്‍ഷം കേസ് കുറയാന്‍ ഇടയാക്കിയതെന്നാണ്  എംവിഡി ഉദ്യോഗസ്ഥര്‍ പറയുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

സംസ്ഥാനത്ത് അപകടകരമായി വാഹനമോടിക്കുന്നതിലും ഗതാഗത നിയമ ലംഘനം നടത്തുന്നതില്‍ മുന്‍പന്തിയിലുള്ളത് ഇരുചക്ര വാഹനമോടിക്കുന്നവരാണെന്നും നിലവില്‍ ഹെല്‍മെറ്റിനുള്ള പിഴത്തുക കര്‍ശനമായി ഈടാക്കാന്‍ തുടങ്ങിയതോടെയാണ് ഇത്തരം കേസുകള്‍ കുറഞ്ഞതെന്നും എഐ ക്യാമറകളെയും 500 രൂപ പിഴയും പേടിച്ച് പലരും ഹെല്‍മെറ്റ് ധരിക്കുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു. ഹെല്‍മെറ്റിടാത്തവര്‍ക്ക് പുറമെ കാറില്‍ സീറ്റ് ബെല്‍റ്റിടാതെ ഓടിക്കുന്നവരുടെയും സീറ്റ് ബെല്‍റ്റിടാത്ത സഹയാത്രക്കാരുടെയും എണ്ണം ഗണ്യമായി കുറഞ്ഞുവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഡ്രൈവിങിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം, അമിത വേഗത എന്നിവയാണ് സാധാരണയായി കാണപ്പെടുന്ന മറ്റ് ഗതാഗത നിയമലംഘനങ്ങള്‍. 

2023–2025 കാലഘട്ടത്തില്‍ 961 കോടി രൂപയാണ് ട്രാഫിക് പിഴയിനത്തില്‍ മാത്രം സംസ്ഥാന സര്‍ക്കാരിന്‍റെ ഖജനാവിലേക്ക് എത്തിയതെന്നും കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2023ല്‍ 400 കോടി രൂപ ഇത്തരത്തില്‍ മാത്രം ലഭിച്ചുവെന്നും കണക്കുകള്‍ പറയുന്നു. 

ENGLISH SUMMARY:

Kerala has recorded a staggering 1.05 crore traffic violations in 2025, ranking second in India after Uttar Pradesh, according to the Ministry of Road Transport and Highways. On average, 27,000 chalans are issued daily by the Police and MVD through AI cameras and manual checks. While Uttar Pradesh leads with nearly 4.91 crore cases over the last three years, Kerala follows closely with 3.25 crore cases. Despite the high numbers, there is a slight decrease in violations compared to previous years due to strict helmet and seatbelt enforcement. The state treasury collected ₹961 crore in fines between 2023 and 2025. Common offenses include riding without helmets, speeding, and using mobile phones while driving. Authorities credit the AI camera system for better monitoring and discipline on roads.