കണ്ണൂരിലെ ജലഗതാഗത രംഗത്ത് പുത്തന്‍ അനുഭവമൊരുക്കി സംസ്ഥാന ജലഗതാഗത വകുപ്പിന്‍റെ അത്യാധുനിക ബോട്ടുകള്‍. പറശ്ശിനിക്കടവ് മുതല്‍ മാട്ടൂല്‍ വരെയുള്ള പാതയിലെ പഴയതിന് പകരം എത്തിച്ച പുത്തന്‍ ബോട്ടുകള്‍ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മനോരമ ന്യൂസ് ഇംപാക്ട്
പുതുപുത്തന്‍ ബോട്ടുകള്‍ കണ്ണൂരിലെത്തിയത് കഴിഞ്ഞ മാസം. എന്നാല്‍ ഉദ്ഘാടനം ചെയ്യാത്തതു കൊണ്ട് സര്‍വീസ് ആരംഭിച്ചിരുന്നില്ല. ഒടുവില്‍ ഉദ്ഘാടനത്തിന് ഗതാഗത മന്ത്രി നേരിട്ടെത്തി. തളിപ്പറമ്പ്, കല്ല്യാശേരി, അഴീക്കോട് നിയോജ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന ബോട്ട് സര്‍വീസ് ആശ്രയിക്കുന്ന നിരവധി പേര്‍ക്ക് പുത്തന്‍ അനുഭവമാകും . ബോട്ടുകള്‍ക്കൊപ്പം ബോട്ട് ടെര്‍മിനല്‍ നവീകരണവും മന്ത്രി ഉദ്ഘാടനം ചെയ്തു.
ഇരട്ട എന്‍ജിനുകള്‍,ഗ്ലോബല്‍ പൊസിഷന്‍ സിസ്റ്റം, ആഴം അറിയാനുള്ള എക്കോ സൗണ്ട്, മ്യൂസിക് സിസ്റ്റം, ശുചിമുറികള്‍ എന്നീ സൗകര്യങ്ങളുള്ള ബോട്ട് സര്‍വീസ് തുടങ്ങിയതോടെ തിരക്കേറുമെന്ന് ഉറപ്പായി. ഒരു ബോട്ടില്‍ 100 പേര്‍ക്ക് വരെ യാത്ര ചെയ്യാം. ഏതാനും മാസം മുമ്പാണ് പഴയ ബോട്ടുകള്‍ കേടായി സര്‍വീസ് പാതി നിലച്ച സംഭവം മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. പുത്തന്‍ ബോട്ടുകള്‍ അന്ന് കൊച്ചിയിലുണ്ടായിട്ടും കടല്‍മാര്‍ഗം എത്തിക്കാന്‍ അനുമതി കിട്ടിയിരുന്നില്ല.