അര നൂറ്റാണ്ടിലധികമായി കണ്ണൂര്‍ സിപിഎമ്മിന്‍റെ ചരിത്ര സൂക്ഷിപ്പുകാരനായി ഓഫീസ് സെക്രട്ടറിയായ ശ്രീനിവാസന്‍. പുതിയ ജില്ലാ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യപ്പെടാനൊരുങ്ങുമ്പോള്‍ സഖാവ് ശ്രീനിവാസന്‍ 1970 മുതല്‍ താന്‍ എഴുതിവെച്ച ലെഡ‍്ജര്‍ ബുക്കുകള്‍ പൊടിതട്ടിയെടുക്കുകയാണ്. പതിറ്റാണ്ടുകളായി കണ്ണൂരിലുണ്ടായ ഓരോ സ്പന്ദനങ്ങളും ശ്രീനിവാസന്‍റെ കൈപ്പടയില്‍ ആ പഴയ താളുകളില്‍ ഉറങ്ങാതിരിപ്പുണ്ട്.
പറശ്ശിനിക്കടവുകാരനായ സഖാവ് ശ്രീനിവാസന് 81 വയസായി. ഇരുപത്തിയാറാം വയസ് മുതല്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെ അംഗം. ഇപ്പോഴുള്ളതടക്കം മൂന്ന് പാര്‍ട്ടി ജില്ലാ ആസ്ഥാന മന്ദിരങ്ങളില്‍ ഓഫീസ് സെക്രട്ടറി. എഴുപതിലെ ജില്ലാ സെക്രട്ടറി എം.വി രാഘവനാണ് ദൗത്യം ശ്രീനിവാസനെ ഏല്‍പ്പിച്ചത്. അന്ന് മുതല്‍ കണ്ണൂര്‍ രാഷ്ട്രീയത്തില്‍ സംഭവിച്ചതോരോന്നും ശ്രീനിവാസനാണ് ലെഡ്ജര്‍ ബുക്കില്‍ എഴുതിച്ചേര്‍ത്തത്. അതില്‍ അടിയന്തരാവസ്ഥയും കൂത്തുപറമ്പ് വെടിവെയ്പ്പുമെല്ലാം സുപ്രധാന ഏടുകള്‍. ജില്ലയുടെ നാനാഭാഗത്തുനിന്നും സഖാക്കള്‍ വിളിച്ചുപറയുന്ന വിവരങ്ങള്‍ എഴുതിവെച്ച് നേതാക്കളെ വിളിച്ചറിയിക്കലായിരുന്നു ദൗത്യം. വള്ളിപുള്ളി വിടാതെ പേരും സ്ഥലവും തീതയിയുമടക്കം സമഗ്രമായി ശ്രീനിവാസനെഴുതിവെച്ചു.
സാങ്കേതികവിദ്യ വളരാത്ത കാലത്ത് പാര്‍ട്ടി നേതാക്കള്‍ അറിയുന്നതിനും മുമ്പ് ശ്രീനിവാസനറിയും എല്ലാം. അവ എഴുതിവെച്ച പേജുകള്‍ മറിയ്ക്കുമ്പോള്‍ നൂറുനൂറോര്‍മകള്‍ ഉള്ളിലുണ്ട്. താനുള്ള കാലത്തോളം ഇതു തുടരുമെന്ന തീരുമാനമാണ് ശ്രീനിവാസന്‍റേത്.
കാലമേറെ മാറി. സാങ്കേതിക വിദ്യ വളര്‍ന്ന് ഡിജിറ്റല്‍ യുഗത്തിലെത്തി. ഒറ്റ ക്ലിക്കില്‍ എല്ലാം വിരല്‍തുമ്പിലെത്തുന്ന കാലത്തും ശ്രീനിവാസന് ഫോണ്‍വിളികളെത്തും. ലാന്‍ഡ് ഫോണ്‍ മാറി, മൊബൈലായെന്ന വ്യത്യാസം മാത്രം. എഴുത്തിന് മാറ്റമേതുമില്ല. കഴിഞ്ഞ വര്‍ഷത്തെ പാര്‍ട്ടിയുടെ നഷ്ടമായ സീതാറാം യെച്ചൂരിയുടെ വിയോഗവും കറുത്ത മഷിയില്‍ എഴുതിയത് കാണിച്ചുതരും സഖാവ് ശ്രീനിവാസന്‍.