ഒരു നാടിന്‍റെ തലയ്ക്ക് മുകളില്‍ ജലബോംബായി കൂറ്റന്‍ ജലസംഭരണി. കണ്ണൂര്‍ പാറാല്‍ പൊതുവാച്ചേരിയിലാണ് നാട്ടുകാര്‍ ഭീതിയോടെ മുകളിലേക്ക് നോക്കുന്നത്. തൊട്ടടുത്തുള്ള വീടുകള്‍ക്കും എല്‍പി സ്കൂളിനുമാണ് ടാങ്ക് കടുത്ത ഭീഷണിയാകുന്നത്. പൊളിച്ചുമാറ്റാന്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് വിമര്‍ശനം.
തലശേരി നഗരസഭ പൊതുവാച്ചേരിയില്‍ അഞ്ച് വര്‍ഷം മുമ്പ് പണിത കൂറ്റന്‍ വാട്ടര്‍ ടാങ്ക്. സംഭരണ ശേഷി ഇരുപതിനായിരം ലീറ്റര്‍.. കഴിഞ്ഞ ജൂണ്‍ ആറിന് ടാങ്ക് നില്‍ക്കുന്ന സ്ഥലത്തെ മണ്ണിടിഞ്ഞുവീണതോടെയാണ് ആശങ്ക നാടാകെ പരന്നത്. മണ്ണിടിഞ്ഞത് തൊട്ടടുത്ത രശ്മിയുടെ വീടിന്‍റെ സണ്‍ഷേഡിലേക്ക്. ഭയന്ന് രശ്മിയും കുടുംബവും താമസം മാറ്റി. അടുത്തുള്ള അഞ്ചുവീടുകള്‍ ഇപ്പോഴും ഭീതിയില്‍. രശ്മിയുടെ പരാതിയില്‍ കലക്ടര്‍ ഇടപെട്ട് സുരക്ഷ ഉറപ്പുകൊടുക്കാന്‍ നഗരസഭയോട് നിര്‍ദേശിച്ചിട്ടും അനക്കമില്ലെന്നാണ് വിമര്‍ശനം.
രശ്മിയുടെ വീട് മാത്രമല്ല. പുതുവാച്ചേരി വെസ്റ്റ് എല്‍പി സ്കൂളിന്‍റെ മൂത്രപ്പുരയും കൂറ്റന്‍ ടാങ്കിന് സമീപത്ത്. ടാങ്ക് തകര്‍ന്നാല്‍ നേരിടേണ്ടിവരിക വന്‍ ദുരന്തമായിരിക്കും. സ്കൂള്‍ അധികൃതരും അധ്യാപകരും ടാങ്ക് മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ത്തിക്കഴിഞ്ഞു. ഭീഷണി നിലനില്‍ക്കുമ്പോഴും രണ്ട് ദിവസം മുമ്പ് ടാങ്കില്‍ അധികൃതര്‍ വെള്ളം നിറച്ചു.. പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് അതൊഴിവാക്കി. നിര്‍മാണസമയത്ത് മണ്ണ് പരിശോധിച്ചില്ലെന്ന വിമര്‍ശനവും നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ട്