കണ്ണൂര്‍ പാനൂരില്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ വടിവാളുമായി വീടുകളില്‍ കയറി ആക്രമണം നടത്തിയ കേസില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മുസ്‌ലിം ലീഗ് ഓഫീസ് ആക്രമിച്ച കേസിലും ഇവര്‍ പ്രതികളാണ്. പാറാട്ട് നടന്ന സംഘര്‍ഷത്തില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തു
പാറാട് സ്വദേശികളും സിപിഎം പ്രവര്‍ത്തകരുമായ എം.കെ അമല്‍, ശ്രീജു,ജീവന്‍, റനീഷ്, കെ.പി സച്ചിന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് മാരകായുധങ്ങളുമായി വീടുകളില്‍ കയറി വധഭീഷണി മുഴക്കിയതിനും അതിക്രമം നടത്തിയതിനും പൊലീസ് വാഹനം ആക്രമിച്ചതിനുമാണ് കേസ്. പാറാട്ടെ മുസ്‌ലിം ലീഗ് ഓഫീസ് ആക്രമിച്ച കേസിലും ഇവര്‍ പ്രതികളാണ്. കുന്നോത്ത്പറമ്പ് പഞ്ചായത്തില്‍ ഭരണം പിടിച്ചതിനെ തുടര്‍ന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ളാദ പ്രകടനത്തിന് പിന്നാലെയാണ് സംഘര്‍ഷങ്ങള്‍ ഉണ്ടായത്. ഇരുവിഭാഗം പ്രവര്‍ക്കരും തമ്മില്‍ കല്ലേറുണ്ടായി. ഇതിന് പിന്നാലെയാണ് സിപിഎം പ്രവര്‍ത്തകര്‍ വടിവാളുമായി വീടുകള്‍ കയറി ഭീഷണി മുഴക്കുകയും ആക്രമണം നടത്തുകയും ചെയ്തത് സംഘര്‍ഷത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.