തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ദേഹത്ത് പെട്രോൾ ഒഴിച്ച് യുവാവിന്റെ ഭീഷണി. തന്റെ കുഞ്ഞിനെ കൊന്ന ഡോക്ടറെ കൊല്ലുമെന്ന് പറഞ്ഞായിരുന്നു ഗോപാലപ്പേട്ട സ്വദേശി നൗഷാദ് ഭീഷണി മുഴക്കിയത്. ജീവനക്കാർ ഉൾപ്പെടെ ചേർന്ന് യുവാവിനെ കീഴടക്കുകയായിരുന്നു.
സംഭവം നടന്നത് കഴിഞ്ഞ വെള്ളിയാഴ്ച . കന്നാസിൽ പെട്രോളുമായി എത്തി ദേഹത്ത് ഒഴിച്ച് ഭീഷണി മുഴക്കുകയായിരുന്നു നൗഷാദ് . തൻറെ കുഞ്ഞ് പോയ സ്ഥലത്തേക്ക് ഡോക്ടറെയും പറഞ്ഞയക്കും എന്നായിരുന്നു ഭീഷണി. ഇനിയും താൻ മടങ്ങി വരുമെന്നും യുവാവ് പറയുന്നുണ്ടായിരുന്നു.
ഏറെ സമയം ശ്രമിച്ചാണ് നൗഷാദിനെ നിയന്ത്രിക്കാൻ കഴിഞ്ഞത്. ആശുപത്രി അധികൃതരുടെ പരാതിയിൽ നൗഷാദിനെതിരെ തലശ്ശേരി പോലീസ് കേസെടുത്തു. നൗഷാദിന്റെ കുഞ്ഞ് ഒരു വർഷം മുൻപ് പ്രസവത്തിനിടെ മരിച്ചതാണ് സംഭവത്തിന് ആധാരം. ഏറെനാൾ കാത്തിരുന്ന ശേഷം ഉണ്ടായ കുഞ്ഞ് പൊക്കിൾകൊടി കഴുത്തിൽ ചുറ്റിയതിനെ തുടർന്നായിരുന്നു മരിച്ചത്. ചികിത്സപ്പിഴവ് എന്ന് ആരോപിച്ച് നൗഷാദും കുടുംബവും പരാതി നൽകിയതിനാൽ ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തിരുന്നു. ഇതിൽ, ചികിത്സാപ്പിഴവില്ലെന്നാണ് മെഡിക്കൽ ബോർഡ് കണ്ടെത്തിയിരുന്നത്. എന്നാൽ, ഇത് അംഗീകരിക്കാതെ നൗഷാദ് ആശുപത്രിക്കും ഡോക്ടറുടെ വസതിക്കും മുൻപിൽ ഏറെ നാൾ പ്രതിഷേധിച്ചിരുന്നു. ഇതിനടുവിലാണ് ദേഹത്ത് പെട്രോൾ ഒഴിച്ചുള്ള ഭീഷണി.