ബഫർസോൺ ഉത്തരവ് പിൻവലിച്ച് നാലുമാസം കഴിഞ്ഞിട്ടും വീട് നിർമാണത്തിന് നിരാക്ഷേപ പത്രം നൽകാതെ കണ്ണൂർ പഴശ്ശി ജലസേചന വിഭാഗം. ഓഫിസുകൾ കയറി ഇറങ്ങി മടുത്തതോടെ നാളെ മുതൽ കുത്തിയിരിപ്പ് സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍. സാധാരണക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നൽകിയ നിർദേശത്തിന് പുല്ലുവിലയാണ് ഉദ്യോഗസ്ഥർ കൽപ്പിക്കുന്നത്.
കണ്ണൂർ പഴശ്ശി ഡാമിന് സമീപത്തെ ബഫർസോൺ ഉത്തരവ് പിൻവലിച്ചതോടെ പായം പഞ്ചായത്തിലെ സുരേഷ് കുമാറും, മഹേഷും ആഗ്രഹിച്ച വീട് പണി ആരംഭിച്ചു. വീടിന്റെ അടിത്തറയും ചുമരും പൂർത്തിയാക്കി ഇനി ജലസേചന വിഭാഗത്തിന്റെ എൻഓസി വേണം. ബഫർ സോൺ ഉത്തരവ് പിൻവലിച്ചതായി വകുപ്പ് മന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിട്ടും ഇത് സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയിട്ടും പഴശ്ശി ജലസേചന വിഭാഗം ഇതൊന്നും അറിയാത്ത മട്ടാണ്. മന്ത്രിയെയും തള്ളുന്ന ഉദ്യോഗസ്ഥർ ഓരോ തവണയും പുതിയ ആവശ്യങ്ങൾ ഉയർത്തി ഇവരെ മടക്കി അയക്കുന്നതാണ് പതിവ്.
വീടുപണി പൂർത്തിയാക്കാൻ കഴിയാത്തതിനാൽ കുടുംബങ്ങൾ വാടക വീട്ടിലാണ് താമസിച്ചു വരുന്നത്. സഹികെട്ടതോടെ പഴശ്ശി പദ്ധതിയുടെ ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരത്തിന് ഒരുങ്ങുകയാണ് ഇവർ. അതേസമയം വീടു നിർമ്മാണം 2023 ലെ ഡാം സേഫ്റ്റി നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്നതിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് സമർപ്പിച്ച ശേഷം നടപടി എന്നുമാണ് പഴശ്ശി ജലസേചന വിഭാഗം പറയുന്നത്.