കണ്ണൂര്‍ മയ്യില്‍ കയരളംമൊട്ടയിലെ പാമ്പുപേടി അകറ്റാന്‍ നടപടിയുമായി വനംവകുപ്പ്. സ്നേക്ക് റെസ്ക്യൂവര്‍മാരുടെ സേവനം ഉറപ്പാക്കുമെന്ന് വനംവകുപ്പ് ഉറപ്പുനല്‍കി. പെരുമ്പാമ്പ് മുട്ടയിട്ട് പെരുകുന്ന സമയമായതാണ് പ്രശ്നത്തിന് കാരണമെന്നാണ് വിശദീകരണം.
കയരളംമൊട്ടയിലെ നാട്ടുകാര്‍ ആശങ്ക പറഞ്ഞതോടെയാണ് വനംവകുപ്പ് ഇടപെട്ടത്. പാമ്പുശല്യം നേരിടുന്ന സ്ഥലത്ത് തളിപ്പറമ്പ് റേഞ്ച് ഓഫീസര്‍ നേരിട്ടെത്തി. അടിയന്തര നടപടികളെടുക്കുമെന്ന് ഉറപ്പുനല്‍കി. ആശങ്ക പരിഹരിക്കുന്നതിന്‍റെ ഭാഗമായി സ്നേക്ക് റെസ്ക്യൂവര്‍മാരെ ഉള്‍പ്പെടുത്തി നാട്ടുകാര്‍ക്ക് അവബോധം നല്‍കാന്‍ തീരുമാനിച്ചു.
എല്ലാ മഴക്കാലത്തും കയരളംമൊട്ടയിലെ നാട്ടുകാര്‍ ആശങ്കയോടെയാണ് കഴിയുന്നത്. നിരവധി പാമ്പുകളെ ഇത്തവണയും പിടിച്ചതോടെയാണ് ആശങ്ക ഇരട്ടിയായത്. ഇത്തവണ പിടിച്ചതെല്ലാം പെരുമ്പാമ്പുകളായിരുന്നു.