രോഗം സ്പോണ്‍സര്‍ ചെയ്യുന്ന കേന്ദ്രമായി മാറി കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ്. ആശുപത്രി മാലിന്യങ്ങള്‍ അലക്ഷ്യമായി കൂട്ടിയിട്ട് രോഗ്യവ്യാപന ഭീതി പരത്തുകയാണ് അധികൃതര്‍. രോഗികള്‍ക്ക് പുതിയ അസുഖങ്ങളുമായി മടങ്ങാമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി.
മഴക്കാല പൂര്‍വശുചീകരണമെന്നൊന്നുണ്ട്.. അത് പരിയാരം മെഡിക്കല്‍ കോളജിന് ബാധകമല്ലെന്ന് തോന്നും പരിയാരം നഴ്സിങ് കോളജിനടുത്തെ ഈ കാഴ്ചകള്‍ കാണുമ്പോള്‍. മഴക്കാലമെത്തും മുമ്പേ വൃത്തിയാക്കിയില്ലെന്ന് മാത്രമല്ല, മഴപ്പെയ്ത്ത് കൂടുന്നത് കണ്ടിട്ടുപോലും മാലിന്യനീക്കം വേണ്ടത്രയില്ല..
മാലിന്യം സൂക്ഷിക്കുന്ന കെട്ടിടം നിറഞ്ഞുകവിഞ്ഞാണ് പുറത്തേക്കെത്തിയത്. അതില്‍ ആശുപത്രി മാലിന്യങ്ങളും, ഉപയോഗശൂന്യമായി വലിച്ചെറിഞ്ഞ വസ്ത്രങ്ങളും പ്ലാസ്റ്റിക്കുകളും വരെയുണ്ട്. മെഡിക്കല്‍ കോളജ് ഒരുക്കിക്കൊടുത്ത സൗകര്യത്തില്‍ മുട്ടയിട്ട് വളരുന്ന കൊതുകുകള്‍ക്ക് ഇതില്‍പരം സന്തോഷം വേറെ വേണ്ട.
നമ്പര്‍വണ്‍ ആരോഗ്യകേരളത്തില്‍ ഉത്തരമലബാറിലെ പ്രധാന ആരോഗ്യകേന്ദ്രത്തിനാണ് ദുര്‍ഗതി. സര്‍ക്കാര്‍ ഏജന്‍സിയായ ക്ലീന്‍ കേരളയ്ക്കാണ് മാലിന്യനിര്‍മാര്‍ജനത്തിന്‍റെ ചുമതല. ആശുപത്രിയ്ക്ക് അതില്‍ പങ്കില്ലെന്നും പൂര്‍ണമായും മെഡിക്കല്‍ കോളജിന്‍റെ മാലിന്യമാണെന്നുമാണ് അധികൃതര്‍ വിശദീകരിക്കുന്നത്.