ലഹരി നാടുചുറ്റുമ്പോള്‍ അവധിക്കാലത്ത് കുട്ടികള്‍ക്ക് കളിക്കളമൊരുക്കി ഒരു പ്രവാസി വ്യവസായി. കണ്ണൂര്‍ പാനൂര്‍ പാലക്കൂലിലാണ് അഞ്ച് സെന്‍റ് സ്ഥലത്ത് പ്രവാസിയായ ചിറ്റുളി യൂസഫ് ഹാജി കളിക്കളമൊരുക്കിയത്. കളിക്കാന്‍ ഗ്രൗണ്ടില്ലെന്ന വിഷമം പറഞ്ഞതോടെയാണ് സ്വന്തം ഭൂമി വിട്ടുകൊടുക്കാന്‍ യൂസഫ് തയാറായത്.
ഒരു തുണ്ട് ഭൂമിക്ക് അടിപിടി കൂടുന്ന കാലത്ത് കുഞ്ഞുമക്കളുടെ മനസിറഞ്ഞ സ്നേഹത്തിന്‍റെ പാഠം ഇങ്ങ് കണ്ണൂരില്‍ നിന്ന്. അവരിപ്പോള്‍ ആ അഞ്ചുസെന്‍റില്‍ കാല്‍പന്തു കളി തുടങ്ങി. ആവേശം മനസിലും മെയ്യിലും നിറച്ച് പന്തിനു പുറകെ അവരോടി. ലഹരിയെന്ന വിപത്തിനെ തോല്‍പ്പിക്കാന്‍ കുട്ടികള്‍ക്ക് സ്വന്തം ഭൂമി വിട്ടുനല്‍കാന്‍ യൂസഫ് ഹാജി തയ്യാറായപ്പോള്‍ നാട് അതിന് കൈയ്യടിച്ചു. കളിക്കളമാകണം ലഹരി, കുട്ടികള്‍ക്കുള്ള സന്ദേശം അതായിരുന്നു.
ഭൂമി നഷ്ടപ്പെട്ടെങ്കിലും കുട്ടികളുടെ സന്തോഷം കണ്ട് മനസില്‍ തോന്നുന്ന നിര്‍വൃതിയാണ് യൂസഫിന്‍റെ ലാഭം. പാലക്കൂലില്‍ ഒരു കളിക്കളമുണ്ടായിരുന്നില്ല പന്തുതട്ടാന്‍. കുട്ടികള്‍ തന്നെയാണ് കളിക്കളമില്ലെന്ന പരാതി പറഞ്ഞത്. ലഹരിക്കെതിരെയെന്ന സന്ദേശം കൂടിയായപ്പോള്‍ പൊലീസുമെത്തി കളിക്കളത്തില്‍ പിന്തുണയുമായി. പന്തുതട്ടിത്തെറിപ്പിക്കും പോലെ ലഹരിയെയും തട്ടിത്തെറിപ്പിക്കട്ടെ യുവാക്കളും കുട്ടികളും. അവധിക്കാലം അവര്‍ കളിച്ചു രസിക്കട്ടെ. കളിക്കളങ്ങളിലൂടെ കളിചിരികളും പടരട്ടെ.