കണ്ണൂരില്‍ ഉയര്‍ന്ന പെന്‍ഷന്‍ തുക കൈപ്പറ്റിയവരോട് അധികത്തുക തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ഇപിഎഫ്ഓയുടെ നോട്ടീസ്. സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് 2014ന് ശേഷം വിരമിച്ചവരോട് പണം തിരിച്ചുചോദിച്ചത്. അര്‍ഹതപ്പെട്ട പണം തിരിച്ചടക്കില്ലെന്ന് പറഞ്ഞതോടെ മൂന്ന് മാസമായി പെന്‍ഷന്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് ഉപഭോക്താക്കളുടെ പരാതി.
വളപട്ടണത്തെ വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് ലമിറ്റഡില്‍ നിന്ന് വിരമിച്ച അഴീക്കല്‍ സ്വദേശി ജ്യോതിപ്രകാശിനോട് ഇപിഎഫ്ഒ ആവശ്യപ്പെട്ടത് ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപ. ഇതുവരെ കൈപ്പറ്റിയതില്‍ നിന്ന് പ്രതിമാസം 1096 രൂപ പ്രകാരം പത്തുവര്‍ഷത്തെ അധികത്തുകയാണ് ഇതെന്ന് ഇപിഎഫ്ഒയുടെ നോട്ടീസില്‍. സമാന നോട്ടീസുകള്‍ വിവിധയിടങ്ങളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നാണ് ആക്ഷേപം.
12 മാസ ശമ്പള ശരാശരിയാണ് പെന്‍ഷന്‍ വിഹിതമായി 2014 മുതലുണ്ടായിരുന്നത്. എന്നാലിത് 2022ലെ സുപ്രീംകോടതി വിധി പ്രകാരം 60 മാസ ശരാശരിയാക്കണമെന്നായിരുന്നു. പക്ഷേ, വിധിയില്‍ മുന്‍കാല പ്രാബല്യത്തെ കുറിച്ച് എങ്ങും പറഞ്ഞിട്ടില്ലെന്ന് പെന്‍ഷന്‍ ഉപഭോക്താക്കള്‍. നോട്ടീസിനെതിരെ ഹൈക്കോടതിയില്‍ നിന്ന് താത്കാലിക സ്റ്റേ ഓര്‍ഡറുണ്ടായിട്ടും ഇപിഎഫ്ഒ അധികൃതര്‍ക്ക് കുലുക്കമില്ലെന്നാണ് ആരോപണം. കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി നിയമപോരാട്ടത്തിനാണ് പങ്കാളിത്ത പെന്‍ഷന്‍ വാങ്ങുന്നവരുടെ നീക്കം.