മഞ്ചേശ്വരത്ത് ഹരിതകർമ്മസേന പദ്ധതിക്ക് എതിരെ പരാതി. വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നതായി ആരോപണം. സ്കൂൾ പരിസരങ്ങളിലും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും മാലിന്യം കെട്ടിക്കിടക്കുന്നത് നാട്ടുകാർക്ക് ദുരിതമാകുന്നു.
മാലിന്യം ശേഖരിച്ച് പണം വാങ്ങും, പക്ഷേ സംസ്കരണ കേന്ദ്രത്തിലെത്തിക്കില്ല. ഇതുമൂലം മാലിന്യക്കെട്ടുകൾ 15 മുതൽ 20 ദിവസം വരെ പൊതുസ്ഥലങ്ങളിൽ കിടന്ന് ചീഞ്ഞുനാറുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. തെരുവുനായ്ക്കൾ മാലിന്യം വലിച്ചിഴച്ച് ചിതറിക്കുന്നതോടെ ദുർഗന്ധവും രൂക്ഷമാണ്.
ഉദ്യാവർ ഗുഡ്ഡെ സ്കൂളിന് മുന്നിലും സമാനമായ അവസ്ഥയുണ്ടായതോടെ വിദ്യാർഥികളും യാത്രക്കാരും മൂക്കുപോത്തേണ്ടി വരുന്ന അവസ്ഥയാണ്. മാലിന്യം കൊണ്ടുപോകാൻ വാഹനം എത്തിയില്ലെന്നാണ് ചോദ്യം ചെയ്യുമ്പോൾ ലഭിക്കുന്ന മറുപടിയെന്നും നാട്ടുകാർ ആരോപിക്കുന്നു.
ശേഖരിക്കുന്ന മാലിന്യം കൃത്യമായി സംസ്കരണ കേന്ദ്രത്തിലെത്തിക്കണമെന്നും വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.