mahi-petrol-leak

മാഹിയില്‍ ഇന്ധന പമ്പുകള്‍ പെരുകുമ്പോള്‍ ദുരിതത്തിലാകുന്നത് നാട്ടുകാരാണ്. പള്ളൂരിലെ രണ്ടിടങ്ങളില്‍ പമ്പുകളില്‍ നിന്ന് ഇന്ധനം ചോര്‍ന്ന് കിണറുകളിലേക്കെത്തിയതോടെ നാട്ടുകാരുടെ കുടിവെള്ളം വരെ മുട്ടി. മാഹി അഡ്മിനിസ്ട്രേറ്റര്‍ക്ക് പരാതി കൊടുത്തിട്ടും നടപടിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. വീണ്ടും വീണ്ടും പമ്പുകള്‍ക്ക് അനുമതി നല്‍കിക്കൊണ്ടേയിരിക്കുകയാണ്. 

കുറഞ്ഞ നിരക്കില്‍ ഇന്ധനം കിട്ടുമെന്നത് ആശ്വാസം തന്നെ പക്ഷേ, ഇന്ധനത്തേക്കാളേറെ അത്യാവശ്യമായ കുടിവെള്ളം പല കിണറുകളിലും നശിച്ചിരിയ്ക്കുന്നു. ഷഹബാനത്തിന്‍റെ കിണര്‍വെള്ളത്തിന് കത്തുന്ന ഇന്ധനത്തിന്‍റെ ഗന്ധമുണ്ട്. കിണറിനരികെ എത്തിയാല്‍ തന്നെ മൂക്കിലേക്ക് പെട്രോളും ഡീസലും മണത്തുകയറും.

ബൈപ്പാസിന്ർറെ മറുഭാഗത്തുള്ള കുഞ്ഞിപ്പുരമുക്കിലും ഇതേ അവസ്ഥയാണ്. രോഗികളും ഗര്‍ഭിണികളുമുള്‍പ്പെടെ ദുരിതം ബാധിക്കുന്നത് അനേകം കുടുംബങ്ങളെ. കിണര്‍വെള്ളം ഒന്നിനും പറ്റാതായപ്പോള്‍ നാട്ടുകാരുടെ സമ്മര്‍ദം കാരണം ദിവസവും ഒരു ടാങ്ക് വെള്ളം പമ്പുടമകള്‍ ലോറിയിലെത്തിക്കും. ജീവിച്ചുപോകുന്നത് ഈ കുടിനീരുകൊണ്ടാണ്.

നാട്ടുകാരുടെ നിരന്തരം പരാതിയെ തുടര്‍ന്ന് മാഹി ആരോഗ്യവകുപ്പ് കിണര്‍വെള്ളം പരിശോധിച്ചു. വെള്ളത്തില്‍ പെട്രോളിയം ഹൈഡ്രോകാര്‍ബണ്‍ സാന്നിധ്യം കണ്ടെത്തി. വെള്ളം ഒന്നിനും ഉപയോഗിക്കരുതെന്നും റിപ്പോര്‍ട്ട്. ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയാണ് മാഹിയിലെ പല പമ്പുകളും പ്രവര്‍ത്തിക്കുന്നതെന്നാണ് ആരോപണം. ഇനിയും പുതുതായി രണ്ട് പമ്പുകള്‍ കൂടി വരികയാണ് പ്രദേശത്ത്. മുഴപ്പിലങ്ങാട് മാഹി ബൈപ്പാസിന്ർറെ സർവീസ് റോഡിനോട് ചേർന്ന് 11 പെട്രോൾ പമ്പുകള്‍ ഇപ്പോള്‍ തന്നെയുണ്ട്. വരുമാനം ലക്ഷ്യമിട്ട് കൂടുതല്‍ പമ്പുകള്‍ക്ക് അനുമതി നല്‍കുമ്പോള്‍ സ്വൈര്യജീവിതം നശിക്കുന്നത് നാട്ടുകാര്‍ക്കാണ്.