wayanadwild

TOPICS COVERED

വയനാട് വടക്കനാടിനെ ഭീതിയിലാഴ്ത്തിയ കാട്ടാന ദൗത്യം വിജയം കണ്ടു. മുട്ടികൊമ്പൻ മുട്ടുമടക്കിയത് പതിമുന്നാം ദിനത്തിൽ. കൊമ്പൻ ഇനി മുത്തങ്ങ ആനപ്പന്തിയിൽ.

വടക്കനാടിന്റെ കുന്നിൻചെരുവുകളിൽ പുലർവെട്ടം വീഴുമ്പോൾ അതൊരു പ്രതീക്ഷയുടെ കിരണമായിരുന്നില്ല, മറിച്ച് ഭയത്തിന്റെ തണുപ്പായിരുന്നു. ഓരോ ഗ്രാമവാസിയിലും ഒരു പേടി ബാക്കിയുണ്ടായിരുന്നു. ഓരോ ഇലയനക്കത്തിലും അവർ മരണത്തിന്റെ മണം തേടി. മുട്ടിക്കൊമ്പൻ എവിടെ നിന്നാണ് പാഞ്ഞടുക്കുക എന്ന് ആർക്കും നിശ്ചയമില്ലായിരുന്നു.

സ്വന്തം വിയർപ്പൊഴുക്കിയ കൃഷിയിടം ഒടുവിൽ രജീവ് എന്ന യുവകർഷകന്റെ ചോര വീണ ഭൂമിയായി മാറി. ആ ജീവൻ പൊലിഞ്ഞതോടെയാണ് വടക്കനാടിൽ പ്രതിഷേധഗ്നി പടർന്നത്. അധികൃതർ ഉണർന്നു, മുട്ടിക്കൊമ്പനെ തളയ്ക്കാനുള്ള ഉത്തരവ് പിറന്നു.

ദൗത്യം കഠിനമായിരുന്നു. കാടിന്റെ വന്യതയും കാട്ടാനയുടെ തന്ത്രങ്ങളും വനംവകുപ്പിനെ പ്രതിരോധത്തിലാക്കി. നൂറിലധികം ഉദ്യോഗസ്ഥർ രാപ്പകൽ ഭേദമില്ലാതെ കാടിന്റെ ഓരോ മുക്കും മൂലയും അരിച്ചുപെറുക്കി. പന്ത്രണ്ട് നാൾ പരാജയത്തിന്റെ കയ്പുനീർ കുടിച്ചെങ്കിലും പതിമൂന്നാം നാൾ ഭാഗ്യം വടക്കനാടിനൊപ്പമായിരുന്നു.

 

ലക്ഷ്യം തെറ്റാത്ത നിമിഷം. മുട്ടിക്കൊമ്പന്റെ കരുത്തിനെ മയക്കുമരുന്നിന്റെ നീല വെളിച്ചം തളച്ചു. പലനാൾ കള്ളനായി കാടുവാണ കൊമ്പൻ അങ്ങനെ മുത്തങ്ങയിലെ ആനപ്പന്തിയുടെ കാവലിലേക്ക്. മുട്ടിക്കൊമ്പൻ തടവറയിലായെങ്കിലും, കാടിറങ്ങുന്ന വന്യതയ്ക്ക് മുന്നിൽ ഈ ഗ്രാമം ഇനി എത്രനാൾ സുരക്ഷിതമായിരിക്കും. ഈ ചോദ്യം ബാക്കിയാവുന്നു.

ENGLISH SUMMARY:

Muttikomban has been successfully tranquilized after a 13-day mission in Vatakkanad, Wayanad, bringing relief to the terrified villagers. The wild elephant, which had caused fear and even resulted in the tragic death of a young farmer, will now be housed at the Muthanga elephant sanctuary.