സി.ടി. സ്കാനറിന് പിന്നാലെ എക്സ്- റേ മെഷീൻ്റെ പ്രവർത്തനവും നിലച്ചതോടെ വയനാട് മാനന്തവാടി മെഡിക്കൽ കോളജിൽ രോഗികളുടെ ദുരിതം ഇരട്ടിക്കുന്നു. ഓർത്തോ വിഭാഗത്തിൽ എത്തുന്ന രോഗികൾക്ക് പുറത്തെ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
മെഡിക്കൽ കോളജിലെ പ്രധാന എക്സ്- റേ യൂണിറ്റിൻ്റെ പ്രവർത്തനം നിലച്ചിട്ട് നാല് ദിവസമായി. പ്രതിദിനം 250 ഓളം രോഗികളാണ് എക്സ്- റേ പരിശോധനകൾക്കായി എത്താറുള്ളത്. ഇതോടെ പുറത്തെ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് രോഗികൾ. ഐ.സി.യുവിൽ ഉപയോഗിക്കുന്ന പോർട്ടബിൾ എക്സ്- റേ യൂണിറ്റ് ഉണ്ടെങ്കിലും ഇതിലെ ഇമേജുകൾ പലതും വ്യക്തമല്ലെന്ന് രോഗികൾ പരാതിപ്പെടുന്നു.
ചുരുങ്ങിയ ചെലവിൽ ലഭിച്ചിരുന്ന എക്സറേ സേവനം മുടങ്ങിയതോടെ ഗോത്രവിഭാഗത്തിൽ നിന്ന് ഉൾപ്പെടെ വരുന്ന രോഗികൾ ദുരിതത്തിലാണ്. പുതിയ യൂണിറ്റിൻ്റെ ഇൻസ്റ്റലേഷൻ നടക്കുന്നു എന്ന ഒഴുക്കൻ മട്ടിലുള്ള മറുപടി മാത്രമാണ് അധികൃതർ നൽകുന്നത്. ആശുപത്രിയിലെ സി. ടി സ്കാൻ മെഷീൻ തകരാറിലായിട്ട് ഏതാണ്ട് ഒരു വർഷത്തോളമായി. ഇതിന് പിന്നാലെയാണ് എക്സ്- റേ സൗകര്യം കൂടി മുടങ്ങുന്നത്.