കാസര്‍കോട് കുമ്പള ആരിക്കാടി ദേശീയപാതയിലെ ടോള്‍ പ്ലാസയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചതിന്‍റെ ക്രെഡിറ്റ് അടിക്കാന്‍ മല്‍സരിച്ച് ബിജെപിയും യുഡിഎഫും. സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖറുടെ ഇടപെടല്‍ ഫലം കണ്ടെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് എം.എല്‍. അശ്വനി പറഞ്ഞു. എന്നാല്‍, ജനകീയ സമരത്തിന് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ മുട്ടുമടക്കുകയായിരുന്നുവെന്നാണ് എ.കെ.എം. അഷ്റഫ് എംഎല്‍എയുടെ പ്രതികരണം.
48 മണിക്കൂറിനകം ടോള്‍ പ്ലാസയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് അവകാശപ്പെട്ട് ബിജെപി ജില്ലാ പ്രസിഡന്‍റ് എംഎല്‍എ അശ്വിനിയാണ് ആദ്യം രംഗത്തെത്തിയത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കി.
രാജീവ് ചന്ദ്രശേഖറിന്‍റെ ഇടപെടലാണ് ഫലം കണ്ടെന്ന് പറഞ്ഞതിലൂടെ മുന്‍ സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ വിഷയത്തില്‍ ഇടപെട്ടുവെന്ന വാദങ്ങളെയും ജില്ലാപ്രസിഡന്‍റ് പരോക്ഷമായി തള്ളി. ബിജെപിയുടെ അവകാശവാദത്തിനെതിരെ യുഡിഎഫ് രംഗത്തെത്തി.
എന്നാല്‍, ടോള്‍ പ്ലാസ അടച്ചുപൂട്ടിയതിന്‍റെ ഉത്തരവ് ഇതുവരെ പുറത്തുവന്നിട്ടില്ല. 60 കിലോമീറ്ററിനുള്ളില്‍ രണ്ട് ടോള്‍ പ്ലാസ വരുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് എല്ലാവരും എതിര്‍പ്പുന്നയിച്ചത്.