വയനാട് പനമരം നീർവാരത്ത് കൊയ്തുമെതിച്ച് മൂടിവച്ച നെല്ല് തിന്നുനശിപ്പിച്ച് കാട്ടാനക്കൂട്ടത്തിൻ്റെ വിളയാട്ടം തുടരുന്നു. കൊയ്യാൻ ബാക്കിവച്ച ഗന്ധകശാല നെല്ലും കാട്ടാനകൾ കയറി നശിപ്പിച്ചു. കാവലിന് വനംവകുപ്പ് ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
നീർവാരം ഭാഗത്ത് രാത്രി ഇറങ്ങിയ കാട്ടാനക്കൂട്ടം ടാർപ്പായ കുത്തിക്കീറി നശിപ്പിച്ചാണ് നെല്ല് അകത്താക്കിയത്. നെല്ല് മൂടിവച്ചതിൽ ഒരു ടാർപ്പായ് 10 മീറ്ററോളം ദൂരം വലിച്ച് കൊണ്ടുപോവുകയും ചെയ്തു. ചന്ദനക്കൊല്ലി ലക്ഷ്മണൻ, ശ്രീജിത്ത് എന്നിവരുടെ വയലിൽ യന്ത്രം ഉപയോഗിച്ച് കൊയ്തു മെതിച്ച നെല്ലാണ് കാട്ടാനകൾ തിന്നുതീർത്തത്. കൊയ്യാൻ പാകമായ ഗന്ധകശാല നെല്ലും ആനകൾ കുത്തിനശിപ്പിച്ചു.
പാതിരി സൗത്ത് വനത്തിൽ നിന്നുള്ള കാട്ടാനക്കൂട്ടമാണ് ചന്ദനക്കൊല്ലി ഊരിനോട് ചേർന്ന പാടശേഖരത്തിൽ ഇറങ്ങുന്നത്. കഴിഞ്ഞ ദിവസം കല്ലുവയലിൽ വീട്ടുമുറ്റത്ത് ഉണക്കാനിട്ടതും ശേഖരിച്ചതുമായ 15 ക്വിൻ്റൽ നെല്ല് കാട്ടാനകൾ തിന്ന് നശിപ്പിച്ചു. വനംവകുപ്പ് ജീവനക്കാരെ തടഞ്ഞുവെച്ച് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. കാട്ടാന ശല്യം രൂക്ഷമാകുമ്പോഴും പ്രദേശത്ത് രാത്രി കാവലിന് നടപടി ഒന്നും ഉണ്ടാകുന്നില്ലന്നാണ് നാട്ടുകാരുടെ ആക്ഷേപം.