കണ്ണൂർ പയ്യന്നൂരിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഇതരസംസ്ഥാന തൊഴിലാളികളെ പാർപ്പിച്ച ജല അതോറിറ്റി കരാറുകാരന് പിഴ. പൊതു സ്ഥലത്തേക്ക് മാലിന്യം ഒഴുക്കിയതിനും അനധികൃത നിർമ്മാണത്തിനും ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് പിഴയിട്ടത്. മാലിന്യം നിറഞ്ഞ ദുർഗന്ധം വമിക്കുന്ന സ്ഥലത്താണ് കരാറുകാരൻ 25 തൊഴിലാളികളെ പാർപ്പിച്ചത്.
ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പയ്യന്നൂർ നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിലാണ് വൃത്തിഹീനമായ സാഹചര്യത്തിൽ തൊഴിലാളികളെ പാർപ്പിച്ചതായി കണ്ടെത്തിയത്. മാവിച്ചേരി റോഡിൽ പുതിയ ബസ്റ്റാൻഡിനു സമീപത്തുള്ള നാഗരസഭ പാർക്കിംഗിൽ താൽകാലിക ഷെഡ് നിർമ്മിച്ചാണ് തൊഴിലാളികളെ പാർപ്പിച്ചത്. ജല അതോറിറ്റി കരാറുകാരൻ എത്തിച്ച 25 ഓളം തൊഴിലാളികൾ ആണ് ഇവിടെ താമസിപ്പിച്ചത്.
മലിനജലം സമീപത്തെ ഓടയിലേക്കാണ് ഒഴുകുന്നത്. മാലിന്യം നിറഞ്ഞ കറുത്ത നിറത്തിലാണ് ഓടയിൽ വെള്ളം ഒഴുകുന്നത്. അസഹ്യമായ ദുർഗന്ധം വമിക്കുന്നിടത്താണ് തൊഴിലാളികൾ താമസിച്ചത്. കരാറുകാരന് 25000 രൂപ പിഴയാണ് എൻഫോസ്മെന്റ് സ്ക്വാഡ് ചുമത്തിയത്. കരാറുകാരനെ സംഭവ സ്ഥലത്ത് വിളിച്ചുവരുത്തിയ എൻഫോഴ്സ്മെന്റ് സ്ക്വാഡ് അനധികൃതമായി സ്ഥാപിച്ച ഷീറ്റും പൈപ്പുകളും നീക്കി. ഷെഡുകൾ പൂർണ്ണമായും പൊളിച്ചു നീക്കി മാലിന്യ പ്രശ്നം ഉടൻതന്നെ പരിഹരിക്കാനും നിർദ്ദേശം നൽകി.