മത സാമുദായിക സൗഹാർദ സന്ദേശം ഉയർത്തി കണ്ണൂർ താഴെ ചമ്പാട് മുതുവനായി മുത്തപ്പൻ മടപ്പുര ക്ഷേത്രത്തിലെ ഉത്സവം. ക്ഷേത്ര സന്നിധിയിൽ അയ്യപ്പന്റെ പാട്ടിന് ദഫ് കലാകാരന്മാർ ചുവടുവച്ചു. ഒപ്പം മാപ്പിളപ്പാട്ടും പ്രവാചക പ്രകീർത്തനങ്ങളും ക്ഷേത്രാന്തരീക്ഷത്തിൽ പരന്നൊഴുകി.
നാലുദിവസം നീണ്ടുനിന്നു ചമ്പാട് മുതുവനായി മടപ്പുര ക്ഷേത്രത്തിലെ ഉത്സവം. എല്ലാവർഷവും നടക്കുന്ന ഉത്സവം മതസൗഹാർദത്തിന്റെ കേളികൊട്ടാണ്. ഇക്കുറിയും അതിന് മുടക്കം വന്നില്ല. കൊല്ലം അൽ ബദരിയ ദഫ് മുട്ട് സംഘമാണ് ക്ഷേത്രമുറ്റത്ത് ചുവടുകൾ വച്ച് മനം കവർന്നത്. സാമൂഹ്യ മാധ്യമങ്ങളിലും ദൃശ്യങ്ങൾ വൈറലായി.
മനയത്തുവയൽ മുതൽ ക്ഷേത്രം വരെ നടന്ന ഘോഷയാത്രയിലും ദഫ് കലാകാരന്മാർ അണിനിരന്നു. കൈകൊട്ടിക്കളി, ഗരുഡനൃത്തം, പഞ്ചാരിമേളം, ശിങ്കാരിമേളം തുടങ്ങിയവയും ഘോഷയാത്രയിൽ മാറ്റുകൂട്ടിയിരുന്നു.
വർഗീയതയുടെ വിത്തുപാകുന്ന കാലത്ത് ചേർത്തുപിടിക്കലിന്റെ സന്ദേശം പകരുകയാണ് ക്ഷേത്ര ഭരണസമിതി. ക്ഷേത്രത്തിലെ അന്നദാനം സ്പോൺസർ ചെയ്യാൻ ഇസ്ലാം മത വിശ്വാസികളും രംഗത്ത് വന്നിരുന്നു.