ആലത്തൂരില്‍ സര്‍ക്കാര്‍ പുറമ്പോക്ക് കയ്യേറി നിര്‍മാണം; ക്രമക്കേട് കണ്ടെത്തി വിജിലന്‍സ്

alathoor
SHARE

പാലക്കാട് ആലത്തൂർ ജങ്ഷനിലെ വിവിധ കെട്ടിടങ്ങളിലെ പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയതായി വിജിലൻസ് സംഘം. സർക്കാർ പുറമ്പോക്ക് കയ്യേറി വൻകിട കെട്ടിടങ്ങളും പാർക്കിങ് മൈതാനിയും നിർമിച്ചു. വ്യാജരേഖ ചമച്ച് ഉടമസ്ഥാവകാശം തരപ്പെടുത്താൻ ഉദ്യോഗസ്ഥരും സഹായിച്ചതായി തെളിഞ്ഞു. 

സർക്കാർ ഭൂമി സ്വന്തമെന്ന മട്ടിലാണ് പല കെട്ടിട ഉടമകളും അനധികൃത നിർമാണം നടത്തി വർഷങ്ങളായി കൈവശം വച്ച് പോന്നിരുന്നത്. തോടും, റോഡും കയ്യേറിയതിനൊപ്പം രേഖകൾ പ്രകാരമുള്ളതിനെക്കാൾ കൂടുതൽ ഭൂമിയുള്ളവരും നിരവധിയാണ്. വിജിലൻസ് സംഘത്തിന്‍റെ  പരിശോധനയിൽ വർഷങ്ങളായി ഉദ്യോഗസ്ഥർ കയ്യേറ്റത്തിന് വ്യാപാരികളെ സഹായിച്ചതിന്‍റെ  തെളിവുകളും കണ്ടെടുത്തു. സ്വാതി ജംങ്ഷനിലും പരിസരത്തും സ്വകാര്യ വ്യക്തികൾ നിർമിച്ച ബഹുനില കെട്ടിടങ്ങളിലും ക്രമക്കേടുണ്ട്.

തോടും പുറമ്പോക്കും കൈയേറി പാർക്കിങ് സ്ഥലവും നടപ്പാതയും നിർമിച്ചതായും തെളിഞ്ഞു. ഒരു കിലോമീറ്റർ ചുറ്റളവിൽ ഇരുപതിലേറെ ക്രമക്കേടുകൾ കണ്ടെത്തി.ആലത്തൂർ പഞ്ചായത്ത് ഓഫിസിലെത്തി നിർമാണത്തിന് അനുമതി നൽകിയതിന്‍റെ രേഖകളും വിജിലൻസ് പരിശോധിച്ചു. രേഖകൾ ഒത്തു നോക്കിയ ശേഷം ക്രമക്കേടിൻ്റെ വ്യാപ്തിയും കൈയ്യേറ്റക്കാരെ സഹായിച്ച ഉദ്യോഗസ്ഥരുടെ വിവരങ്ങളും വ്യക്തമാക്കി വിജിലൻസ് സർക്കാരിലേക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കും. ക്രമക്കേടിൻ്റെ വ്യാപ്തി കൂടുതൽ കണ്ടെത്താൻ അടുത്ത ദിവസങ്ങളിലും വിജിലൻസിന്‍റെ തുടർ പരിശോധനയുണ്ടാവും. പാലക്കാട് വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള സംഘമാണ് ആലത്തൂരിലെ നിയമലംഘനം സംബന്ധിച്ച പരിശോധന നടത്തിയത്.

MORE IN NORTH
SHOW MORE