വനാവകാശ നിയമപ്രകാരം ഭൂമി അളന്നു നല്‍കണം; കലക്ടറെ കണ്ട് നിലമ്പൂരിലെ ആദിവാസി കുടുംബങ്ങള്‍

2019ലെ പ്രളയത്തില്‍ വീടും ഭൂമിയും നഷ്ടമായി പ്ലാസ്റ്റിക് ഷീറ്റുകൊണ്ടു മറച്ച കുടിലുകളില്‍ കഴിയുന്ന നിലമ്പൂര്‍ കരുളായി വനത്തിലെ പുലമുണ്ട കോളനിയിലെ ആദിവാസികള്‍ മലപ്പുറം കലക്ടറെ കാണാനെത്തി. വനാവകാശ നിയമപ്രകാരം ഭൂമി അളന്നു തിട്ടപ്പെടുത്തി നല്‍കണമെന്ന ഹൈക്കോടതി നിര്‍ദേശം നടപ്പാക്കണം എന്നാവശ്യപ്പട്ടായിരുന്നു ഇവര്‍ ജില്ലാ ഭരണകൂടത്തെ സമീപിച്ചത്.

പുലിമുണ്ട, മുണ്ടക്കടവ് കോളനികളിലായി 64 കുടുംബങ്ങള്‍ക്കാണ് 2019ലെ പ്രളയത്തില്‍ വീടും ഭൂമിയും നഷ്ടമായത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് മാതന്‍കുന്നില്‍ താമസിച്ചിരുന്നവരാണ് പിന്നീട് പുലിമുണ്ടയിലേക്ക് മാറിയത്. മാതന്‍കുന്നില്‍ താമസിച്ച കാലത്തുണ്ടായിരുന്ന അത്രയും ഭൂമി പതിച്ച് നല്‍കണമെന്നാവശ്യപ്പെട്ടാണ് കലക്ടറെ കാണാനെത്തിയത്. 

വനാവകാശ നിയമപ്രകാരം ആദിവാസികള്‍ക്ക് നല്‍കേണ്ട ഭൂമി എത്രയും വേഗം കുടിലുകളില്‍ കഴിയുന്ന ആദിവാസികള്‍ക്ക് കൈമാറണമെന്നാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. മാതന്‍കുന്നിലെ ഭൂമി അളന്നു തിട്ടപ്പെടുത്തണമെന്നും റവന്യൂ വകുപ്പിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അടുത്തയാഴ്ച മാതന്‍കുന്നും നിലവില്‍ കുടില്‍ കെട്ടി താമസിക്കുന്ന സ്ഥലവും സന്ദര്‍ശിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ബിജെപി നേതാവ് ടി.കെ. അശോക് കുമാറിനൊപ്പമാണ് ആദിവാസി കുടുംബങ്ങളെത്തിയത്.