പിലിക്കോട് ചെക്ക് ഡാം നിര്‍മാണം നിലച്ചിട്ട് മൂന്ന് വര്‍ഷം; പാഴായ പദ്ധതി

കാസര്‍കോട്ടെ പിലിക്കോട് പഞ്ചായത്തിലെ ചെക്ക് ഡാം നിര്‍മാണം നിലച്ചിട്ട് മൂന്ന് വര്‍ഷമാകുന്നു. നൂറോളം കര്‍ഷകര്‍ക്ക് പ്രയോജനമാകേണ്ട പദ്ധതിയാണ് എങ്ങുമെത്താതെ കിടക്കുന്നത്. 

കാലിക്കടവ് മാണിയാട്ട് തോടിന് സമീപത്തുള്ളവര്‍ക്ക് വേനലില്‍ ജലലഭ്യത ഉറപ്പുവരുത്തുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ജില്ലാ വികസന പാക്കേജിൽ  നിന്ന് 26 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.  2020 മാര്‍ച്ചില്‍  നിര്‍മാണം  തുടങ്ങി സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു ജലസേചന വകുപ്പിന്റെ ഉറപ്പ്. എന്നാല്‍ മൂന്നു വര്‍ഷം കൊണ്ട് പൂര്‍ത്തിയായത്  തോടിന്റെ ഇരു വശങ്ങളിലേയും കോണ്‍ക്രീറ്റ് ഭിത്തി മാത്രം

കനം കൂടിയ റബ്ബർ ട്യൂബുകള്‍ ഉപയോഗിച്ച്  ഡാമില്‍ വെള്ളം തടഞ്ഞു നിർത്താനാണ് ഉദ്ദേശിക്കുന്നത്. പക്ഷെ ജില്ലയില്‍ പൂര്‍ത്തിയാക്കിയ മറ്റൊരു റബ്ബര്‍ ചെക്ക് ഡാമിന്റെ പ്രവര്‍ത്തനം അടുത്തിടെ നിലച്ചു.  ഈ സാഹചര്യത്തില്‍ പ്രവര്‍ത്തനരീതി മാറ്റണോയെന്നത് സംബന്ധിച്ച ആശയക്കുഴപ്പമാണ് പദ്ധതി പാതി വഴിയില്‍ കിടക്കാന്‍ പ്രധാന കാരണമെന്നാണ് സൂചന