അമിത വേഗം; നിയമംലംഘിച്ച ഇരുചക്ര വാഹനങ്ങൾ പിടികൂടി മോട്ടോർ വാഹനവകുപ്പ്

ദേശീയപാതയിൽ അമിത വേഗതയില്‍ നിയമംലംഘിച്ച് ഓടിയ അഞ്ച് ഇരുചക്ര വാഹനങ്ങൾ മോട്ടോർ വാഹനവകുപ്പ് പിടികൂടി. വാളയാറിനും ചന്ദ്രനഗറിനുമിടയിലാണ് അതിവേഗം ഓടിച്ച് വീഡിയോ ചിത്രീകരിച്ച് യുവാക്കള്‍ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ ഉൾപ്പെടുത്തിയിരുന്നത്. പതിനായിരം രൂപ വീതം പിഴ ഈടാക്കിയതിനൊപ്പം ബൈക്ക് ഓടിച്ചിരുന്ന യുവാക്കളുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് റദ്ദാക്കുകയും ചെയ്തു.

വാഹനത്തിന് രൂപ മാറ്റം വരുത്തും. നമ്പർ പ്ലേറ്റ് ഭാഗികമായി മറയ്ക്കും. അമിത വേഗതയിൽ റോഡ് പൂർണമായും കൈയടക്കി ഇങ്ങനെ ഓടും. പശ്ചാത്തല സംഗീതം ചേർത്ത് നവ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് ആരാധകരെക്കൂട്ടും. ഇത് പതിവാക്കിയിരുന്ന അഞ്ചുപേരെയാണ് മോട്ടോർ വാഹനവകുപ്പ് പിടികൂടിയത്. രക്ഷിതാക്കളെ വിളിച്ചു വരുത്തി കാര്യം ധരിപ്പിച്ചു. മക്കള്‍ക്ക് വിലകൂടിയ ഇരുചക്രവാഹനമുള്ള കാര്യം രക്ഷിതാക്കളില്‍ പലരും ഉദ്യോഗസ്ഥര്‍ പറയുമ്പോഴാണ് അറിയുന്നത്. ഓരോരുത്തരിൽ നിന്നും പതിനായിരം രൂപ വീതം പിഴ ഈടാക്കി. മൂന്ന് മാസത്തേക്ക് വണ്ടി ഓടിക്കാനുള്ള അനുമതിയും നിഷേധിച്ചു. 

വ്യാപക പരിശോധനയാണ് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിൽ ദേശീയപാതയിലും ഇടറോഡുകളിലും നടക്കുന്നത്. നിയമ ലംഘനം നടത്തിയ കൂടുതൽ വാഹനങ്ങളുടെ വിവരവും ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്.