ടൂറിസ്റ്റ് ബസ് നിയമം ലംഘിച്ചാൽ ഉദ്യോഗസ്ഥനെതിരെ നടപടി; 'നിറ'ത്തിൽ യൂണിഫോം വരും

ടൂറിസ്റ്റ് ബസുകള്‍ നിയമലംഘനം ആവര്‍ത്തിച്ചാല്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. ഓരോ ബസുകളുടെയും നിരന്തര നിരീക്ഷണ ചുമതല ഓരോ ഉദ്യോഗസ്ഥരെയും ഏല്‍പ്പിക്കാനാണ് തീരുമാനം. മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധനകള്‍ നിയമലംഘനം പൂര്‍ണമായി ഒഴിവാക്കുന്നതില്‍ വിജയിക്കുന്നില്ലെന്ന് ബോധ്യമായതോടെയാണ് പുതിയ നടപടി. അതോടൊപ്പം പല നിറത്തിലും രൂപത്തിലും പെയിന്റ് അടിച്ചുള്ള ബസുകള്‍ക്ക് അടുത്ത ജനുവരി മുതല്‍ സര്‍വീസിന് വിലക്കും ഏര്‍പ്പെടുത്തും.

ഓരോ അപകടങ്ങളും വിവാദങ്ങളുമുണ്ടാകുമ്പോള്‍ മോട്ടോര്‍ വാഹനവകുപ്പ് പരിശോധനയുമായി രംഗത്തെത്തും. വിവാദ അവസാനിക്കുമ്പോള്‍ പരിശോധനയും കഴിയും നിയമലംഘനം തുടരുകയും ചെയ്യും.  ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനത്തിന് അറുതിയുണ്ടാകാത്തത്  പരിശോധനയ്ക്ക് തുടര്‍ച്ചയില്ലാത്തതുകൊണ്ടാണെന്ന് ഒട്ടേറെതവണ പിടിക്കപ്പെട്ട കൊമ്പന്‍ ബസുകളെ ഉദാഹരണമാക്കി മനോരമ ന്യൂസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പരിഹാരം തേടിയാണ് നിരന്തര പരിശോധനക്ക് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെയും നിര്‍ബന്ധിതരാക്കുന്ന രീതി ഗതാഗതവകുപ്പ് തയാറാക്കുന്നത്. ഓരോ പ്രദേശത്തും റജിസ്റ്റര്‍ ചെയ്തിരിക്കുന്ന ടൂറിസ്റ്റ് ബസുകളുടെ ഉത്തരവാദിത്തം ആ പ്രദേശത്തുള്ള ഓരോ ഉദ്യോഗസ്ഥര്‍ക്കായി വിഭജിച്ച് നല്‍കും. പിന്നീട് ആ ബസുകളില്‍ ഏതെങ്കിലും നിയമലംഘനം  മറ്റ്  ഉദ്യോഗസ്ഥര്‍ കണ്ടെത്തിയാല്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ മറുപടി പറയേണ്ടിവരും. 

ലൈറ്റും സൗണ്ടും മാത്രമല്ല, ഇടിവെട്ട് നിറവും ഞെട്ടിപ്പിക്കുന്ന രൂപങ്ങളുമായുള്ള ടൂറിസ്റ്റ് ബസുകളുെട യാത്രക്ക് അന്ത്യമായേക്കും. എല്ലാ ടൂറിസ്റ്റ് ബസിനും വെള്ള നിറത്തില്‍ നീല വരയെന്ന യൂണീഫോം കോഡ് നിര്‍ബന്ധമാക്കും. ജനുവരി 1 ന് ശേഷം ഈ നിറത്തിലല്ലാത്ത ബസുകള്‍ ഓടാന്‍ അനുവദിക്കില്ല.  വിദ്യാലയങ്ങളില്‍ നിന്നുള്ള വിനോദയാത്രാ മാര്‍ഗനിര്‍ദേശവും കര്‍ശനമാക്കും. യാത്രക്ക് മൂന്ന് ദിവസം മുന്‍പ് മോട്ടോര്‍ വാഹനവകുപ്പിനെ അറിയിക്കണമെന്ന നിര്‍ദേശം  സി.ബി.എസ്.ഇ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധമാക്കി പുതിയ സര്‍ക്കുലര്‍ ഇറക്കും. യാത്ര പോകുന്ന ബസിന്റെയും ഡ്രൈവര്‍മാരുടെയും വിവരങ്ങള്‍ പരിശോധിച്ച ശേഷമാവും അനുമതി. നിരന്തര നിയമലംഘനം നടത്തുന്നതോ  ജി.പി.എസ് ഇല്ലാത്തതോ ആയ ബസാണങ്കിലും ഒട്ടേറെ തവണ കേസുകളില്‍ പെട്ട ഡ്രൈവര്‍മാരാണങ്കിലും യാത്ര വിലക്കും.

Uniform color code for tourist buses across kerala