ഒരുമാസം; പന്ത്രണ്ട് ഇടങ്ങളില്‍ പുലി ആക്രമണം; അട്ടപ്പാടിയില്‍ ദുരിതം

അട്ടപ്പാടിയില്‍ വളര്‍ത്തുമൃഗങ്ങളെ പുലി പിടികൂടുന്നത് പതിവാകുന്നു. ഒരുമാസത്തിനിടെ പന്ത്രണ്ട് ഇടങ്ങളില്‍ നിന്നാണ് പശുവിനെയും ആടിനെയും പുലി ആക്രമിച്ചത്. കഴിഞ്ഞദിവസം പുതൂരില്‍ പശുവിനെ പുലി പിടികൂടിയതാണ് ഒടുവിലത്തെ ആക്രമണം. പുല്‍ത്തകിടിയില്‍ മേയാന്‍ വിടുന്ന മൃഗങ്ങളെയാണ് പലപ്പോഴും പുലി പിടികൂടുന്നത്. ഉടമയുടെ ശ്രദ്ധ തെറ്റിയാല്‍ പുലി ആക്രമിക്കുന്ന സാഹചര്യം. സ്വതന്ത്രമായി മൃഗങ്ങളെ തീറ്റ തേടാന്‍ വനാതിര്‍ത്തിയിലേക്ക് വിടാനാവാത്ത അവസ്ഥയെന്നാണ് പരാതി. 

കഴിഞ്ഞദിവസം പുതൂര്‍ ഉമ്മത്താംപടിയിലും സമാനമായ ആക്രമണമാണുണ്ടായത്. പുല്ല് മേയുന്നതിനിടെ വെത്ത്ഗുണ്ട് സ്വദേശി മഹേഷിന്റെ പശുവിനെ പുലി പിടിച്ചു. വലിച്ചിഴച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ സ്ഥലത്തുണ്ടായിരുന്നവര്‍ ബഹളം വച്ചു. പിന്നാലെ പുലി ശ്രമം ഉപേക്ഷിച്ച് വനത്തിലേക്ക് മറയുകയായിരുന്നു. വ്യത്യസ്ത സമയങ്ങളിലായി മഹേഷിന്റെ നിരവധി വളര്‍ത്ത് മൃഗങ്ങളെയാണ് പുലി കൊന്നത്. 

പശുക്കിടാവിനെയും ആടിനെയും പുലി പിടികൂടുന്നതും വനാതിര്‍ത്തിയില്‍ പതിവായിട്ടുണ്ട്. രാത്രികാലങ്ങളിലാണ് നേരത്തെ ആക്രമണമെങ്കില്‍ നിലവില്‍ പകല്‍സമയത്തും അട്ടപ്പാടിയിലെ ഊരുകള്‍ പലതും പുലിപ്പേടിയിലാണ്.