മധുവിന്റെ കുടുംബത്തിന് ഐക്യദാർഡ്യം; അനുസ്മരിച്ച് ആദിവാസി സംഘടനകളും സാമൂഹ്യപ്രവർത്തകരും

ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട അട്ടപ്പാടിയിലെ മധുവിന്റെ കുടുംബത്തിന് പിന്തുണയുമായി ആദിവാസി സംഘടനകളും സാമൂഹ്യപ്രവര്‍ത്തകരും. മുക്കാലിയില്‍ മധു അനുസ്മരണം സംഘടിപ്പിച്ച് കേസ് നടത്തിപ്പിനുള്‍പ്പെടെയുള്ള ഐക്യദാര്‍ഢ്യം അറിയിച്ചു. മധു നീതിസമരസമിതിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.  

ഒരുഭാഗത്ത് സാക്ഷികളുടെ തുടര്‍ച്ചയായ കൂറുമാറ്റം. മറുവഴിയില്‍ പ്രതീക്ഷ നിറച്ച് മധുവിനൊപ്പം ചേര്‍ന്ന് നില്‍ക്കാന്‍ ഉറച്ച മനസോടെ നീതിപീഠനത്തിന് മുന്നില്‍ സത്യം നിരത്തുന്ന നല്ല മനസിനുടമകള്‍. വിചാരണ കാലയളവില്‍ കോടതിയില്‍ അസാധാരണമായി പലതും സംഭവിക്കുന്നു. നീതിപീഠം തന്നെ കൂറുമാറുന്നവര്‍ക്ക് താക്കീത് നല്‍കുന്ന സാഹചര്യം. മധുവിന്റെ കുടുംബം പലപ്പോഴും ഭീഷണിയുടെ നിഴലില്‍. ഈ സാഹചര്യത്തിലാണ് പിന്തുണയുമായി കൂട്ടായ്മ മുക്കാലിയില്‍ ഒത്തുചേര്‍ന്നത്. 

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ നിന്ന് പ്രതിനിധികള്‍ എത്തിയിരുന്നു. മധുവിന്റെ അമ്മയും സഹോദരിയും മധു നീതിസമരസമിതി ഭാരവാഹികളും പങ്കെടുത്തു.