കടുവക്കുഞ്ഞിനെ അമ്മയ്ക്കൊപ്പം അയച്ചു; കൂട് തുറന്നത് കുങ്കിയാനകൾ

വയനാട് മണ്ഡകവയലിൽ കൂട്ടിലകപ്പെട്ട കടുവ കുഞ്ഞിനെ അമ്മ കടുവയ്ക്ക് ഒപ്പം തുറന്നുവിട്ടു. മുത്തങ്ങയിൽ നിന്നും എത്തിയ കുങ്കിയാനകളെ  ഉപയോഗിച്ചാണ് കൂട് തുറന്നത്. അക്രമകാരിയായ കടുവയെ പിടികൂടാൻ വനം വകുപ്പ് നിരീക്ഷണം ശക്തമാക്കി.

ഒരു മാസമായി മീനങ്ങാടി മേഖലയിൽ ഭീതി വിതക്കുന്ന അക്രമകാരിയായ കടുവയെ പിടികൂടാനാണ് മണ്ഡകവയലിൽ വനം വകുപ്പ് കൂട് സ്ഥാപിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം രാത്രി നാല് മാസം പ്രായമായ കടുവ കുഞ്ഞ് കൂട്ടിൽ അകപ്പെടുകയായിരുന്നു. അമ്മ കടുവയ്ക്ക് ഒപ്പം എത്തിയ രണ്ട് കുഞ്ഞുങ്ങളിലൊന്നാണ് കെണിയിൽ വീണത്. കുഞ്ഞ് കുടുങ്ങിയ കൂട്ടിന് സമീപത്തു തന്നെ അമ്മക്കടുവയും മറ്റൊരു കുഞ്ഞും തുടരുകയാണ്. വനം വകുപ്പിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് കുഞ്ഞിനെ മാത്രമായി മറ്റൊരിടത്തേക്ക് മാറ്റാനാകില്ല. അതിനാൽ കുഞ്ഞിനെ അമ്മയ്ക്ക് ഒപ്പം തുറന്നുവിടും. നാട്ടുകാരെയും ഇക്കാര്യങ്ങൾ ധരിപ്പിച്ചു.