തലയ്ക്ക് വാളുകൊണ്ട് വെട്ട്; മുറിവില്‍ പുഴു അരിച്ചു; തെരുവില്‍ അലഞ്ഞ നായ്ക്കൾ ഒടുവിൽ സംരക്ഷണ തണലിൽ

തലയ്ക്ക് വെട്ടേറ്റ നിലയില്‍ തെരുവില്‍ അലഞ്ഞ നായ്ക്കള്‍ക്ക് സംരക്ഷണം നല്‍കി കോഴിക്കോട് ഒാമശേരിയിലെ ഹച്ചിക്കോ റെസ്ക്യൂ ടീമംഗങ്ങള്‍. ക്വട്ടേഷന്‍ സംഘങ്ങള്‍ പരിശീലനത്തിന്റ ഭാഗമായി വെട്ടിയതാണെന്നാണ് സംശയം. സമാന അവസ്ഥയില്‍ പലയിടങ്ങളില്‍ നിന്നും നായ്ക്കളെ കണ്ടെത്താറുണ്ടെന്നും ഹച്ചിക്കോ അംഗങ്ങള്‍ പറയുന്നു. 

വലിയ വാളുകൊണ്ട് തലയില്‍ വെട്ടിയ നിലയിലാണ് കണ്ണൂരില്‍ നിന്ന് നായ്ക്കളെ കണ്ടെത്തിയത്. മുറിവില്‍ പുഴു അരിച്ച ഇവയെ നാട്ടുകാര്‍ ആട്ടിയോടിക്കുന്ന നിലയിലായിരുന്നു. വാട്സപ്പ് ഗ്രൂപ്പില്‍ വന്ന സന്ദേശത്തിന്റ അടിസ്ഥാനത്തില്‍ നേരിട്ട് പോയി ഇവയെ ഏറ്റെടുക്കുകയായിരുന്നു. 

വടിവാള്‍ കൊണ്ട് മനുഷ്യരുടെ തലയില്‍ വെട്ടാന്‍ പരിശീലിക്കുന്നതിന്റ ഭാഗമായാണ്  ക്വട്ടേഷന്‍ സംഘങ്ങള്‍ തെരുവുനായ്ക്കളെ ഇരകളാക്കുന്നതെന്നാണ് നിഗമനം. ഇതേ അവസ്ഥയില്‍ നായ്ക്കളെ കിട്ടുന്നത് ഇതാദ്യമല്ലെന്നും അവര്‍ പറയുന്നു.  ഇതുവരെ ഇരുനൂറോളം നായ്ക്കളെ ഹച്ചിക്കോ രക്ഷപ്പെടുത്തി, നായ്ക്കളെചികില്‍സിച്ച് ഭേദമാക്കിയശേഷം  ആവശ്യക്കാര്‍ക്ക് പരിപാലിക്കാന്‍ നല്‍കുകയാണ് പതിവ്.