റോഡ് നവീകരിച്ചിട്ട് ഒരാഴ്ച; ഉദ്ഘാടനത്തിന് മുമ്പ് പാര്‍ശ്വഭിത്തി മഴയില്‍ തകര്‍ന്നു; പ്രതിഷേധം

കാസര്‍കോട് ബോവിക്കാനത്ത് ഉദ്ഘാടനത്തിന് മുന്‍പ് റോഡിനോട് ചേര്‍ന്നുള്ള പാര്‍ശ്വഭിത്തി മഴയില്‍ തകര്‍ന്നു വീണു.  എട്ടാംമൈല്‍– മല്ലം റോഡിന്റെ പാര്‍ശ്വഭിത്തിയാണ് കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ തകര്‍ന്നത്.  റോഡ് നവീകരണം പൂര്‍ത്തിയാക്കി ഒരാഴ്ച തികയുന്നതിനിടയിലാണ് സംഭവം. 

രണ്ട് കോടി രൂപ ചെലവിട്ട് കാസര്‍കോട് ജില്ലാ പ‍ഞ്ചായത്താണ് റോഡ് നവീകരിച്ചത്. പാടങ്ങള്‍ക്കിടയിലൂടെ പോകുന്ന റോഡായതിനാല്‍ ഇരുവശങ്ങളിലും പാര്‍ശ്വഭിത്തി അനിവാര്യമാണ്. അതില്‍ പണി പൂര്‍ത്തിയാക്കിയ ഒരു വശത്തെ പാര്‍ശ്വഭിത്തിയാണ് കഴിഞ്ഞ ദിവസം പെയ്ത മഴയെ തുടര്‍ന്ന് തകര്‍ന്ന് വീണത്. നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് റോഡ് നവീകരിച്ചത്. എന്നാല്‍ പണി പൂര്‍ത്തിയായപ്പോള്‍ റോഡിലൂടെ പോകാന്‍ സാധിക്കാത്ത അവസ്ഥയുമായി.

നിര്‍മാണത്തില്‍ അപാകതകളുണ്ടെന്ന് സ്ഥലത്തെ വാര്‍ഡ് അംഗം ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാണി‌ച്ചതാണ്.അതേസമയം നിര്‍മാണത്തിലെ അപാകതകള്‍ പരിഹരിച്ച് പാര്‍ശ്വഭിത്തി ഉടന്‍ പുനര്‍നിര്‍മിച്ചില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.