കലുങ്ക് നിർമാണം അശാസ്ത്രീയമെന്ന് പരാതി; ബദൽ സംവിധാനങ്ങളില്ല

കോഴിക്കോട് ഒളവണ്ണ- അരീക്കാട് റോഡിലെ കലുങ്ക് നിർമാണം അശാസ്ത്രീയമെന്ന് നാട്ടുകാർ. ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്താതെ റോഡ് രണ്ടായി കുത്തി പൊളിച്ച് നിർമാണം നടത്തുന്നതാണ് നാട്ടുകാരെ വലച്ചത്. നിർമാണത്തിനിടെ റോഡിനടിയിലെ പൈപ്പ് പൊട്ടിയതോടെ നാട്ടുകാരുടെ കുടിവെള്ളവും മുട്ടി. 

20 ലക്ഷം രൂപ ചെലവിട്ട് റോഡിനടിയിലൂടെ ഓവുചാൽ നിർമിച്ച് ഇരുവശത്തുമായി കലുങ്ക് നിർമിക്കാനാണ് പദ്ധതി. എന്നാൽ കൃത്യമായ ആസൂത്രണമില്ലാതെ റോഡ് വെട്ടി പൊളിച്ചപ്പോൾ പൊട്ടിയത് കുടിവെള്ള പൈപ്പാണ്.  മഴ പെയ്യുക കൂടി ചെയ്തതോടെ നിർമാണവും തടസപ്പെട്ടു. പിന്നാലെ നാട്ടുകാർ പ്രതിഷേധവുമായി എത്തി.

വിവിധ സർക്കാർ സഥാപനങ്ങൾ, സ്കൂളുകൾ, കോഴിക്കോട് മെഡിക്കൽ കോളജ് എന്നിവിടങ്ങളിലേക്കെല്ലാം എത്തിച്ചേരാനുള്ള പ്രധാന പാതയാണ് ഇത്.  എന്നാല്‍ മൂന്ന് മാസം കരാർ കാലാവധിയുള്ള നിർമാണം തുടങ്ങിയിട്ട് ഒരാഴ്ചയായിട്ടുള്ളുവെന്നും, അപ്രതിക്ഷിതമായി എത്തിയ മഴയാണ് നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെടാൻ കാരണമെന്നുമാണ് കരാറുകാരുടെ വാദം.