ലക്ഷങ്ങൾ ചെലവിട്ട് ശുചിമുറി പണിതു; ഉപയോഗിക്കാൻ തുറന്നുകൊടുക്കില്ല..!

കോഴിക്കോട്ടെ മാനാഞ്ചിറ മൈതാനം കോവിഡ് നിയന്ത്രണങ്ങള്‍ക്കുശേഷം തുറന്ന് കൊടുത്തെങ്കിലും സന്ദര്‍ശകര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇപ്പോഴും സംവിധാനമില്ല. ലക്ഷങ്ങൾ ചെലവിട്ട ശുചിമുറിയുടെ പണിപൂർത്തായെയെങ്കിലും  തുറന്നുകൊടുത്തിട്ടില്ല. നടത്തിപ്പിന് ആളെ കിട്ടാനില്ലെന്നാണ് കോർപ്പറേഷന്റെ വാദം. സ്ത്രീകളും ട്രാൻസ്ജെന്റേഴ്സും ഉൾപ്പെടെ ദിവസേന നൂറ് കണക്കിന് ആളുകളാണ് മാനഞ്ചിറ മൈതാനത്ത് വിശ്രമത്തിനായി എത്തുന്നത്. അവർക്കായി നിർമിച്ചതാണ് ഈ കാണുന്ന ശുചിമുറികള്‍. അതിനോട് ചേർന്ന് കോഫി ഷോപ്പിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പക്ഷേ ഇതെല്ലാം ആർക്കും ഉപകാരമില്ലാതെ നശിച്ചു പോവുകയാണ്.

 കോർപ്പറേഷൻ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ഇ ടോയലറ്റുകളും ഇവിടെയുണ്ട്. പക്ഷേ അതും നോക്കുകുത്തിയാണ്. അതേസമയം നടത്തിപ്പിന് ആളെ കിട്ടുന്നില്ലെന്നും കുടുംബശ്രീ പ്രവർത്തകരിൽ നിന്ന് ടെൻഡർ വിളിച്ച് തുറന്നു കൊടുക്കാനാണ് ആലോചിക്കുന്നതെന്നും ആരോഗ്യവിഭാഗം സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ഡോ.എസ് ജയശ്രീ പറഞ്ഞു.