പ്രതിഷേധം ഫലം കണ്ടു; പട്ടുവത്തെ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാൻ നടപടിയായി

കണ്ണൂർ പട്ടുവത്ത് കുടിവെള്ള വിതരണം പുനസ്ഥാപിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് തരാറായതിനെ തുടർന്ന് മാസങ്ങളായി ഇവിടെ വെള്ളം എത്തുന്നില്ലായിരുന്നു. നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയതോടെയാണ് പൈപ്പിന്റെ തകരാർ പരിഹരിക്കാൻ അധികൃതർ നടപടിയെടുത്തത്.

മൂന്ന് മാസത്തോളമായി പട്ടുവത്തെ വിവിധ പ്രദേശങ്ങളിൽ മുടങ്ങിക്കിടക്കുന്ന കുടിവെള്ള വിതരണം പുനസ്ഥാപിക്കുന്നതിനുള്ള പ്രവർത്തികളാണ് ആരംഭിച്ചത്. പട്ടുവം പഞ്ചായത്തിൽ കൂത്താട്ട് പത്താം വാർഡിലും പടിഞ്ഞാറേച്ചാൽ പന്ത്രണ്ടാം വാർഡിലെയും നാന്നൂറിലേറെ വീടുകളിലാണ് കുടിവെള്ളം മുടങ്ങിയിരുന്നത്. ഉപ്പുവെള്ളമുള്ള പ്രദേശത്ത് പൈപ്പ് വഴിയെത്തുന്ന വെള്ളം മാത്രമാണ് ആശ്രയം. 

ജനകീയ വികസന സമിതിയുടെ നേതൃത്വത്തിൽ നിരവധി തവണ നാട്ടുകാർ വാട്ടർ അതോറിറ്റി ഓഫിസിൽ പരാതികൾ നൽകിയിട്ടും പരിഹാരമുണ്ടായില്ല. അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നതിന് പട്ടുവം ജനകീയ വികസന സമിതി തീരുമാനിച്ചതിന് പിന്നാലെയാണ് പൈപ്പ് സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചത്.