കര്‍ഷക വേഷത്തിൽ കുരുന്നുകള്‍; അവധിക്കാലത്ത് മരങ്ങള്‍ വച്ചുപിടിപ്പിച്ച് കുട്ടികളും അധ്യാപകരും

സ്കൂള്‍ മുറ്റത്ത് തണലൊരുക്കാന്‍ മരങ്ങള്‍ വച്ചുപിടിപ്പിച്ച് കുട്ടികളും അധ്യാപകരും. കോഴിക്കോട് മേരിക്കുന്ന് സെന്റ് ഫിലോമിനാസ് എ.എല്‍.പി സ്കൂളിലെ കുട്ടികളാണ് അവധിക്കാലം പ്രയോജന പ്രദമാക്കുന്നത്. 

കര്‍ഷകരുടെ വേഷത്തിലായിരുന്നു കുരുന്നുകള്‍. നാളെ തണലൊരുക്കേണ്ട മരത്തൈകള്‍ ഒന്നൊന്നായി അവര്‍ സ്കൂള്‍ മുറ്റത്ത് നട്ട് വെള്ളമൊഴിച്ചു. തണല്‍മരങ്ങള്‍ക്ക് പുറമെ വിഷരഹിത പച്ചക്കറി തോട്ടത്തിനും തുടക്കം കുറിച്ചു. വേനല്‍ത്തുമ്പികള്‍ എന്നപേരില്‍ ആരംഭിച്ച അവധിക്കാല പ്രവര്‍ത്തനം സ്കൂള്‍ മാനേജര്‍ ഫാ സൈമണ്‍ പീറ്റര്‍ ഉദ്ഘാടനം ചെയ്തു. 

കുട്ടികള്‍ക്ക് പ്രകൃതിയെ അടുത്തറിയാന്‍ അവസരം ഒരുക്കുക കൂടിയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വരും ദിവസങ്ങളില്‍ സ്കൂള്‍ വളപ്പ് മുഴുവന്‍ കൃഷിത്തോട്ടമാക്കാനാണ് തീരുമാനം.