ഇനി സജീവം കോഴിക്കോടിന്റെ വൈകുന്നേരങ്ങൾ; മാനാഞ്ചിറ ഉടൻ തുറക്കും

ഒരിടവേളയ്ക്ക് ശേഷം കോഴിക്കോട് മാനാഞ്ചിറ സ്ക്വയര്‍ സന്ദര്‍ശര്‍ക്കായി തുറക്കുന്നു. തിങ്കളാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് ലഭിച്ചിട്ടും മാനാഞ്ചിറ സ്ക്വയര്‍ തുറക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. 

ഒത്തുചേരലുകളുടെ മൈതാനം വീണ്ടും ഉണരുകയാണ്. സൗഹൃദങ്ങളെ കോര്‍ത്തെടുക്കുന്ന വൈകുന്നേരങ്ങള്‍ക്ക് മാനാഞ്ചിറ വീണ്ടും സ്വാഗതം പറയും. കോവിഡ് നിയന്ത്രങ്ങളെ തുടര്‍ന്നാണ് മാനാഞ്ചിറ സ്ക്വയര്‍ അടച്ചിട്ടത്. ലോക്ഡൗണ്‍ ഇളവിന് പിന്നാലെ കോഴിക്കോട് നഗരത്തില്‍ ബീച്ച് അടക്കം എല്ലാ വിനോദ‍സഞ്ചാര കേന്ദ്രങ്ങളും തുറന്നിട്ടും മാനാഞ്ചിറ സ്ക്വയറില്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല. സ്ക്വയര്‍ തുറക്കണമെന്ന ആവശ്യത്തില്‍ നഗരവാസികള്‍ 

അടക്കം പ്രതിഷേധം ഉയര്‍ത്തി. ഒടുവില്‍ കാത്തിരിപ്പ് അവസാനിക്കുകയാണ്.

തിങ്കളാള്ച മുതല്‍ മാനാഞ്ചിറ സ്ക്വയര്‍ സന്ദര്‍ശകരെ വരവേല്‍ക്കും. ഏറെനാള്‍ അടഞ്ഞുകിടന്നതിനാല്‍ പാര്‍ക്കില്‍ അടക്കം നവീകരണം ആവശ്യമാണ്. ഇക്കാരണത്താലാണ് കാലതാമസം ഉണ്ടായതെന്നും എല്ലാ സൗകര്യങ്ങളോടും കൂടിയാകും മാനാഞ്ചിറ സ്ക്വയര്‍ തുറക്കുകയെന്നും കോര്‍പ്പറേഷന്‍ വ്യക്തമാക്കി.