ഫണ്ട് അനുവദിച്ചിട്ടും പുനർനിർമിക്കാതെ ക്ലാരി പ്രാഥമികാരോഗ്യ കേന്ദ്രം

മൂന്നു വര്‍ഷം മുന്‍പു പ്രളയത്തില്‍ ബലക്ഷയം സംഭവിച്ച മലപ്പുറം പെരുമണ്ണ ക്ലാരി പ്രാഥമികാരോഗ്യ കേന്ദ്രം ഫണ്ടനുവദിച്ചിട്ടും പുനര്‍നിര്‍മിക്കാന്‍ നടപടിയായില്ല. വാടകക്കെട്ടിടത്തില്‍ അസൗകര്യങ്ങള്‍ക്കു നടുവിലാണിപ്പോള്‍ ആരോഗ്യകേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം.

ദിവസവും മൂന്നൂറിലധികം രോഗികളെത്തുന്ന പെരുമണ്ണ ക്ലാരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ഇപ്പോള്‍ പരിമിതികള്‍ മാത്രമാണുളളത്. രോഗകള്‍ക്കായി അടിസ്ഥാന സൗകര്യങ്ങള്‍ പരിമിതമാണ്. ആരോഗ്യവകുപ്പിന്‍റെ കെട്ടിടത്തിലേക്ക് വെളളംകയറി ബലക്ഷയം സംഭവിച്ചതോടെയാണ് തുടര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഫിറ്റ്്നെസ് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ടത്. 

സ്ഥലം എം.എല്‍.എയായിരുന്ന പി.കെ. അബ്ദുറബ്ബിന്‍റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ അനുവദിച്ചെങ്കിലും  സാങ്കേതികാനുമതി കിട്ടാത്തതാണ് നിര്‍മാണത്തിന് തടസമാകുന്നത്. പുതിയ കെട്ടിടത്തിന്‍റെ കരാര്‍ കെല്ലിന് കൈമാറിയെങ്കിലും നിര്‍മാണം എന്ന് ആരംഭിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.