കാട്ടാനകളെ തടയാന്‍ കാറഡുക്കയില്‍ ആനമതില്‍; നിർമാണം അടുത്ത മാസമാദ്യം

കര്‍ണാടക വനത്തില്‍ നിന്നെത്തുന്ന കാട്ടാനകളെ തടയാന്‍ കാസര്‍കോട് കാറഡുക്കയില്‍ ആനമതില്‍ നിര്‍മിക്കുന്നു. കാറഡുക്ക ബ്ലോക്ക് പ‍ഞ്ചായത്ത് - വനംവകുപ്പുമായി ചേര്‍ന്നാണ് 29 കിലോമീറ്റര്‍ നീളത്തില്‍ തൂക്കുവേലി നിര്‍മിക്കുന്നത്. 

സംസ്ഥാനത്തെ മാതൃകാ പദ്ധതിയായി അംഗീകാരം നല്‍കിയ ആനമതിലിന്‍റെ സര്‍വേയ്ക്കാണ് ദേലംപാടി പഞ്ചായത്തിലെ പുലിപ്പറമ്പില്‍നിന്ന് തുടക്കമായത്. കാട്ടാന ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഡിസംബര്‍ ആദ്യആഴ്ച തന്നെ തൂക്കുവേലി നിര്‍മാണം ആരംഭിക്കുകയാണ് ലക്ഷ്യം. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കാട്ടാന ശല്യം നേരിടുന്ന അഞ്ച് പഞ്ചായത്തുകളിലാണ് കാട്ടാന പ്രതിരോധ പദ്ധതി നടപ്പാക്കുന്നത്. ഈ വര്‍ഷം ചാമക്കൊച്ചി മുതല്‍ വെള്ളക്കാന വരെ എട്ട് കിലോമീറ്റര്‍, സൗരോ‍ര്‍ജ തൂക്കുവേലി പൂര്‍ത്തിയാക്കും. ഒരുവര്‍ഷം കൊണ്ട് 29 കിലോമീറ്റര്‍ വേലി നിര്‍മിച്ച് ആനശല്യത്തിന് ശാശ്വത പരിഹാരം കാണുകയാണ് ലക്ഷ്യം. മൂന്നര മീറ്ററാകും തൂക്ക് വേലിയുടെ ഉയരം. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ സംയുക്ത പദ്ധതിയാണ് നടപ്പില്‍ വരുന്നത്.