കലക്ടറുടെ പിഎയ്ക്കെതിരെ നടപടി വേണം; സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ സമരത്തില്‍

കോഴിക്കോട് ജില്ല കോവിഡ് സെല്ലിനു കീഴിലുള്ള സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ സമരത്തില്‍. രണ്ടു മാസത്തെ ആംബുലന്‍സ് സര്‍വീസ് ഫീസ് ലഭിക്കാത്തതും  ഇതുമായി ബന്ധപ്പെട്ട് കലക്ടറെ കാണാനുള്ള അനുമതി നിഷേധിച്ചതിലും പ്രതിഷേധിച്ചാണ് സമരം.

കോവിഡ് ഡ്യൂട്ടിക്കായി ജില്ലാ കോവിഡ് സെല്ലിനു കീഴില്‍ 33 സ്വകാര്യ ആംബുലന്‍സുകളാണുള്ളത്.നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷനായിരുന്നു ഇവര്‍ക്കുള്ള പണം നല്‍കിയിരുന്നത്.എന്നാല്‍ മേയ് 17 ന് ശേഷം ഇവര്‍ക്ക് പണം കിട്ടിയിട്ടില്ല. തദ്ദേശ സ്ഥാപനങ്ങള്‍ ഡ്രൈവര്‍മാര്‍ക്ക് പണം നല്‍കണമെന്ന പുതിയ ഉത്തരവാണ് കാരണം. എന്നാല്‍ ആരു പണം നല്‍കുമെന്നോ എപ്പോള്‍ പണം ലഭിക്കുമെന്നോ ഇവര്‍ക്ക് അറിയിപ്പ് ലഭിച്ചിട്ടില്ല.

ഇക്കാര്യങ്ങള്‍ ചൂണ്ടി കാണ്ടി ഇന്നലെ കലക്ടറെ കാണാന്‍ പോയി .എന്നാല്‍ കലക്ടറുടെ പി.എ മോശം രീതിയില്‍ സംസാരിച്ചുവെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. ഈ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാതെ ഇനി സര്‍വീസ് നടത്തില്ലെന്നാണ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പറയുന്നു. സര്‍വീസ് നടത്തിയ വകയില്‍ ഏഴു ലക്ഷം രൂപയാണ് ഇവര്‍ക്ക് ലഭിക്കാനുള്ളത്.