വട്ടോളിയില്‍ ഇടിമിന്നലില്‍ കനത്ത നഷ്ടം; മൂന്ന് പശുക്കള്‍ ചത്തു

കോഴിക്കോട് എളേറ്റില്‍ വട്ടോളിയില്‍ ഇടിമിന്നലില്‍ കനത്ത നഷ്ടം. മൂന്ന് പശുക്കള്‍ ചത്തതിനൊപ്പം ഗൃഹോപകരണങ്ങള്‍ക്കും കേടുപാടുകളുണ്ടായി. മതിയായ നഷ്ടപരിഹാരം ലഭിക്കണമെന്നാണ് ആവശ്യം.

എളേറ്റില്‍ വട്ടോളി മാധവന്റെ മൂന്ന് പശുക്കളാണ് ചത്തത്. രണ്ടെണ്ണം കറവപ്പശുക്കളും ഒന്ന് ഗര്‍ഭിണിയുമായിരുന്നു. കൂടുതല്‍ അപകടത്തില്‍ നിന്നും ഭാഗ്യത്തിന് രക്ഷപ്പെടുകയായിരുന്നു. പാല്‍ കറക്കുന്നതിന് മാധവനും ഭാര്യയും തൊഴുത്തിലേക്ക് വരുന്നതിന് തൊട്ടുമുമ്പാണ് ഇടിമിന്നലുണ്ടായത്. വെറ്റിനറി സര്‍ജന്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മതിയായ നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം.

തൊട്ടടുത്ത വീട്ടിലെ വയറിങ് പൂര്‍ണമായി കത്തി നശിച്ചു. സമീപത്തെ മണ്ണ് ഇളകിത്തെറിച്ചിട്ടുണ്ട്. മറ്റുവീടുകളിലെ ഗൃഹോപകരണങ്ങള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചു.