ബി.ഒ.ടി കെട്ടിടത്തിനെതിരെ ആര്‍.എം.പി; വന്‍ അഴിമതിയെന്ന് ആരോപണം

കോഴിക്കോട് വടകര നാരായണനഗരത്തെ ബി.ഒ.ടി കെട്ടിടത്തിന് പ്രവര്‍ത്തനാനുമതി നല്‍കുന്നതിനെതിരെ ആര്‍.എം.പി. പിഴയായി കിട്ടേണ്ട കോടികള്‍ ബി.ഒ.ടി കമ്പനിക്ക് ഒഴിവാക്കി കൊടുത്തതിലൂടെ വന്‍ അഴിമതിയാണ് നടന്നതെന്നാണ് ആരോപണം . ആര്‍.എം.പി.യുടെ നേതൃത്വത്തില്‍ നഗരസഭാ ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി.

മേയ് 31 നാണ് വടകര നാരായണ നഗരത്തെ ബി.ഒ.ടി കെട്ടിടത്തിന് നഗരസഭ കൗണ്‍സില്‍ പ്രവര്‍ത്തനാനുമതി  നല്‍കാന്‍ തീരുമാനിച്ചത്. കൃത്യസമയത്ത് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കാത്തതിനാല്‍  കോടിക്കണക്കിന് രൂപ പിഴ നല്‍കേണ്ട ബി.ഒ.ടി കമ്പനിക്ക് പിഴ ഒഴിവാക്കിയത്  വിവാദമായിരുന്നു.  ഇതില്‍ വിജിലന്‍സ് അന്വേഷണവും നടന്നു. അനുവദിച്ചതിലും കൂടുതല്‍ വിസ്തീര്‍ണത്തിലാണ് കെട്ടിടം പണിതത്.  ലംഘനം നടത്തിയ കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കുമ്പോള്‍ കരാര്‍ ഉണ്ടാക്കണമെന്ന് പ്രതിപക്ഷം ആനശ്യപ്പെട്ടിരുന്നു. എന്നാല്‍ പിഴ ഈടാക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാറിന് വിട്ട് കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കുകയായിരുന്നു.ഇതോടെയാണ് പ്രതിഷേധവുമായി ആര്‍.എം.പി നേതാക്കള്‍ രംഗത്തെത്തിയത്.

കരാര്‍ റദ്ദാക്കി ഭൂമിയും കെട്ടിടവും നഗരസഭ ഏറ്റെടുക്കണമെന്നാണ്  ആര്‍.എം.പി ആവശ്യപ്പെടുന്നത്.2006 ലാണ് നിര്‍മാണ കമ്പനിയുമായി വടകര നഗരസഭ കരാര്‍ ഉണ്ടാക്കിയത്. 2015 ല്‍ കെട്ടിടം ഉദ്ഘാടനം ചെയ്തെങ്കിലും ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നില്ല.