അധികൃതർ കണ്ണടച്ചു; മാട്ടറപീടികയിൽ സോളർ വേലി പുനസ്ഥാപിക്കാന്‍ നാട്ടുകാരുടെ ശ്രമം

കേരള - കർണാടക വനാതിർത്തിയായ കണ്ണൂർ ഉളിക്കൽ മാട്ടറപീടിക കുന്നിൽ തകർന്ന സോളർ വൈദ്യുത വേലി പുനസ്ഥാപിക്കാൻ നാട്ടുകാരുടെ നേതൃത്വത്തിൽ ശ്രമം ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ വൈദ്യുത വേലിക്ക് സമീപമുള്ള കാട് വെട്ടുകയാണ്  ചെയ്യുന്നത്. 

വന്യമൃഗ ശല്യം രൂക്ഷമായ മാട്ടറ പീടിക കുന്നിൽ സ്ഥാപിച്ചിരുന്ന  സോളാർ വൈദ്യുതി വേലികൾ തകർന്നിരുന്നു. പല മേഖലകളിലും, കാട്ടാന ചവിട്ടിയും , മരങ്ങൾ വീണും ,കാട് കയറിയും വൈദ്യുതി വേലി തകർന്നിരിക്കുകയാണ്. ഇത് പുനസ്ഥാപിക്കുന്ന പ്രവർത്തിയാണ് നാട്ടുകാർ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്നത്. 1200 മീറ്റർ ദൈർഘ്യമുള്ള അതിർത്തിയിൽ മൂന്നു ടീമുകളായി തിരിഞ്ഞാണ് പ്രവർത്തി നടത്തുന്നത്.  2014 ൽ സോളാർ വൈദ്യുതി വേലി വനാതിർത്തിയിൽ സ്ഥാപിച്ചെങ്കിലും പിന്നീട് അത് സംരക്ഷിക്കാൻ യാതൊരു നടപടിയും ഇല്ലാതിരുന്നതാണ് വേലി നശിക്കാൻ കാരണമായതെന്നാണ് ആരോപണം. വൈദ്യുതി വേലി പുന:സ്ഥാപിക്കാൻ സർക്കാരിലും വനം വകുപ്പിലും സഹായം തേടിയുട്ടുണ്ടെങ്കിലും, അതിന് കാത്ത് നിൽക്കാതെ പ്രദേശവാസികൾതന്നെ പണം സ്വരൂപിച്ച് പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം നടത്തി വരികയാണെന്ന് വാർഡ് അംഗം സരുൺ തോമസ് പറഞ്ഞു.

ഇതോടൊപ്പം കാട്ടാനയെ പ്രതിരോധിക്കാനായി വനാതിർത്തിയിൽ തേനിച്ച കൃഷി പരിപാലനം, സോളാർ ലൈറ്റുകൾ സ്ഥാപിക്കൽ എന്നിവ വേഗത്തിൽ നടപ്പിലാക്കണമെന്നും ആവശ്യമുയർന്നു.. ജനവാസ മേഖലയേയും കാർഷിക മേഖലയേയും വന്യമൃഗങ്ങളിൽ നിന്നും സംരക്ഷിക്കാൻ സർക്കാർ കോടികൾ ചിലവഴിക്കുബോൾ അവ സംരക്ഷിക്കാൻ വേണ്ട നടപടിയില്ലാത്തതാണ് ഇത്തരം പദ്ധതികൾ നശിക്കാൻ കാരണമാകുന്നതെന്നും നാട്ടുകാർ പറയുന്നു.