തച്ചനാത്ത്ക്കാവ് ക്ഷേത്രത്തിൽ കവർച്ച; ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു

തൃശൂർ പാർളിക്കാട് തച്ചനാത്ത്ക്കാവ് ശിവക്ഷേത്രത്തിൽ ശ്രീകോവിലും ഭണ്ഡാരങ്ങളും കുത്തിത്തുറന്ന് കവർച്ച. മോഷ്ടാക്കളെ തിരിച്ചറിയാൻ പൊലീസിന്റെ അന്വേഷണം തുടരുകയാണ്. 

ഇന്നലെ രാത്രിയിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിന്റെ വട്ടശ്രീ കോവിലിന്റെ പൂട്ട് തകർത്ത മോഷ്ടാക്കൾ ഓട്ടുപാത്രങ്ങളും ദക്ഷിണ തട്ടിലെ രൂപയും നാണയങ്ങളും വരെ കൈക്കലാക്കി.ക്ഷേത്രത്തിനു മുൻവശത്തെയും നാലമ്പലത്തിനകത്തുമായി 2 ഭണ്ഡാരങ്ങൾ കുത്തിത്തുറന്നിട്ടുണ്ട്. ഓട് പൊളിച്ചാണ് മോഷ്ടാവ് ക്ഷേത്രത്തിൽ പ്രവേശിച്ചിരിക്കുന്നത്. രാത്രിയിൽ മേഖലയിൽ മിന്നലോട് കൂടിയ ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നു. വൈദ്യുതി ബന്ധവും താറുമാറായിരുന്നു. ഈ തക്കത്തിലായിരിക്കാം മോഷ്ടാവ് അകത്തു കയറിയതെന്ന് സംശയിക്കുന്നു. ക്ഷേത്രം കഴകം ജീവനക്കാരൻ സുരേഷ്സുബ്രമണ്യം അതിരാവിലെ ക്ഷേത്രം തുറക്കാൻ എത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. വടക്കാഞ്ചേരി പോലീസ് എത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി.